പുഴുവരിച്ച റേഷൻ: ഉദ്യോഗസ്ഥരുടെ വാദം പൊളിയുന്നു; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

ration-calicut
SHARE

കോഴിക്കോട് കൂടത്തുംപൊയിലിലെ റേഷന്‍ കടയില്‍നിന്ന് കണ്ടെടുത്തത് മൂന്ന് വര്‍ഷം മുന്‍പത്തെ ഭക്ഷ്യധാന്യങ്ങളാണെന്ന ഉദ്യോഗസ്ഥരുടെ വാദം നുണയാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. എല്ലാ മാസവും കടയിലെത്തി പരിശോധന നടത്തി ക്രമക്കേടുകളൊന്നും ഇല്ലെന്ന് സാക്ഷ്യപ്പെടുത്തിയ റേഷനിങ് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട് മനോരമ ന്യൂസിന് ലഭിച്ചു. തിരുവനന്തപുരത്തുനിന്നെത്തിയ സംഘം നടത്തിയ പരിശോധനയിലും താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് വീഴ്ച സംഭവിച്ചതായും കടയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളുണ്ടെന്നും കണ്ടെത്തി. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. 

പുഴുവരിച്ച അരിയും ഗോതമ്പും കടയില്‍ സൂക്ഷിച്ചെന്നാരോപിച്ചാണ് കെ.വി.ഹേമലതയ്ക്ക് നല്‍കിയ ലൈസന്‍സ് താലൂക്ക് സപ്ലൈ ഓഫിസര്‍ റദ്ദു ചെയ്തത്. എന്നാല്‍ ഈ അരിയും ഗോതമ്പും വാതില്‍പ്പടി വിതരണത്തിലൂടെ കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ എത്തിച്ചതാണെന്ന് രേഖകള്‍ പറയുന്നു. 

പരാതികള്‍ വ്യാപകമായതോടെ പ്രത്യേക സംഘം കടയിലും വെള്ളയിലുള്ള സംഭരണ കേന്ദ്രത്തിലും പരിശോധന നടത്തിയിരുന്നു. രണ്ടിടത്തും പഴകിയ സാധനങ്ങളുണ്ടെന്ന് സംഘത്തിന് ബോധ്യപ്പെട്ടു. ലൈസന്‍സ് റദ്ദു ചെയ്ത കടയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത 44 ചാക്ക് പുഴുക്കലരിയും 16 ചാക്ക് മട്ട അരിയും പതിനാറ് ചാക്ക് ഗോതമ്പും കണ്ടെത്തി. ഇക്കാര്യങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ വിശദീകരണം നല്‍കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. മനോരമ ന്യൂസ് വാര്‍ത്തയെതുടന്ന് കേസെടുത്ത മനുഷ്യാവകാശ കമ്മിഷന്‍ ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. 

അതേസമയം, റേഷന്‍ കടയുടമയുടെ ലൈസന്‍സ് റദ്ദാക്കിയത് അന്വേഷിക്കുമെന്നു  ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ അറിയിച്ചു. നല്ല അരിക്കൊപ്പം മോശം അരി വില്‍ക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് ഇടപെടൽ 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...