പുല്‍വാമയിൽ ആരാണ് നേട്ടമുണ്ടാക്കിയത്; കേന്ദ്രത്തിനെതിരെ ചോദ്യങ്ങളുമായി രാഹുൽ

rahul-pulwama-modi-1
SHARE

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ ഒന്നാംവാര്‍ഷികദിനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി. പുല്‍വാമ ആക്രമണം കൊണ്ട് ആരാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയതെന്ന് രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ എന്താണ് കണ്ടെത്തിയത്. ആക്രമത്തിലേക്ക് നയിച്ച സുരക്ഷാവീഴ്ചയ്ക്ക് ബി.ജെ.പി സര്‍ക്കാരില്‍ ആരാണ് ഉത്തരാവാദിയെന്നും രാഹുല്‍  ചോദിച്ചു. പുല്‍വാമ ഭീകരാക്രണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജവാന്മാരുടെ രക്തസാക്ഷിത്വം രാജ്യം മറക്കില്ലെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

പുല്‍വാമ ഭീകരാക്രമണം നടന്ന് ഇന്നേയ്ക്ക് ഒരു വര്‍ഷം. ചാവേര്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ സ്മാരകം രാജ്യത്തിന് സമര്‍പ്പിക്കും. ഭീകരാക്രമണ സാധ്യത മുന്‍നിര്‍ത്തി ജമ്മുകശ്മീരില്‍ കനത്ത സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രണയ ദിനത്തിലെ ഒരു സായന്തനത്തിലാണ് ഭൂമിയിലെ സ്വര്‍ഗമെന്ന് വാഴ്ത്തപ്പെട്ട താഴ്‍വരയില്‍ ഭീകരത സംഹാര താണ്ഡവമാടിയത്. അവന്തിപോരയ്ക്കടുത്ത് ലെത്പൊരയില്‍ ദേശീയപാതയിലെ 272–ാം നമ്പര്‍ മൈല്‍ക്കുറ്റിക്ക് സമീപത്തുവച്ച്. വൈകീട്ട് 3.15ന്. 78 ബസുകളിലായി 2,547 സി.ആര്‍.പി.എഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് നടന്ന ചാവേര്‍ ആക്രമണം. വയനാട് ലക്കിടി സ്വദേശി വി.വി വസന്തകുമാര്‍ ഉള്‍പ്പെടെ വീരപുത്രന്മാര്‍ ജ്വലിക്കുന്ന ഒാര്‍മയായി. 16 സംസ്ഥാനങ്ങളില്‍ നിന്ന് 40പേര്‍. പാക്കിസ്ഥാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദായിരുന്നു ആക്രമണത്തിന് പിന്നില്‍. കശ്മീര്‍ സ്വദേശിയായ അദില്‍ അഹമ്മദ് ധറായിരുന്നു ചാവേര്‍. 

കൊല്ലപ്പെട്ട 40 ജവാന്മാരുടെയും പേരും ചിത്രവും ഉള്‍പ്പെടുത്തി ലെത്പോരയിലാണ് സ്മാരകം. പുല്‍വാമയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ജവാന്മാരുടെ സഞ്ചാരത്തില്‍ കൂടുതല്‍ സുരക്ഷയേര്‍പ്പെടുത്തിയതായി സിആര്‍പിഎഫ് വ്യക്തമാക്കി. ആക്രമണത്തിന് ചരടുവലിച്ച ഭീകരരെ സുരക്ഷാസേന ഒന്നൊന്നായി വകരുത്തി. ഡിവൈഎസ്പി ദേവീന്ദര്‍ സിങ് കശ്മീരില്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായതോടെ പുല്‍വാമ ഭീകരാക്രമണത്തില്‍ പുനരന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ധീരജവാന്മാരുടെ ഒാര്‍മകള്‍ക്ക് പ്രണാമമര്‍പ്പിക്കുമ്പോള്‍ പുല്‍വാമയിലേറ്റ മുറിവിന് വ്യോമസേന ബാലാക്കോട്ടില്‍ ചുട്ടമറുപടി കൊടുത്തും അഭിമാനത്തോടെ ഒാര്‍ക്കാം.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...