
ദയാഹര്‍ജി തള്ളിയതിനെതിരെ നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. രാഷ്ട്രപതിയുടെ തീരുമാനം നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ആര്.ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ച് ഹര്‍ജി തള്ളിയത്. വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഹര്‍ജി തിങ്കളാഴ്ചയിലേക്ക് മാറ്റി. ദയാ ഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് നല്കിയ റിട്ട് ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ വധശിക്ഷ തടയുന്നതിന് പ്രതി വിനയ് ശര്‍മയ്ക്ക് മുന്നിലുള്ള എല്ലാ നിയമവഴികളും അവസാനിച്ചു.
വേണ്ടത്ര മനസ്സാന്നിധ്യമില്ലാതെയാണ് രാഷ്ട്രപതി തീരുമാനമെടുത്തതെന്ന വാദം കോടതി അംഗീകരിച്ചില്ല. എല്ലാ രേഖകളും രാഷ്ട്രപതി പരിശോധിച്ചിട്ടുണ്ട്. വിനയ് ശര്‍മയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന വാദവും കോടതി തള്ളിക്കളഞ്ഞു. വധശിക്ഷ നടപ്പാക്കുന്നതിന് പുതിയ മരണ വാറന്റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് തിഹാര്‍ ജിയലധികൃതരും നിര്‍ഭയയുടെ മാതാപിതാക്കളും നല്കിയ ഹര്‍ജികള്‍ തിങ്കളാഴ്ച വിചാരണക്കോടതി പരിഗണിക്കുന്നുണ്ട്. ഇതുമുന്നില്‍ കണ്ടാണ് വെവ്വേറെ വധശിക്ഷ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി മാറ്റിവച്ചത്.
ഹര്‍ജി മാറ്റവയ്ക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നതിനിടെ ജസ്റ്റിസ് ആര് ഭാനുമതി തളര്‍ന്നുവീണു. വനിത സുരക്ഷ ഉദ്യോഗസ്ഥരാണ് ജസ്റ്റിസ് ഭാനുമതിയെ ചേബംറിലേക്ക് എത്തിച്ചത്. ജസ്റ്റിസ് ഭാനുമതിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നുമാണ് വിവരം.