വെടിയുണ്ട കാണാതായ കേസില്‍ മന്ത്രി കടകംപള്ളിയുടെ ഗണ്‍മാനും പ്രതി

kerala-police-cartridge-1
SHARE

പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാന്‍ സനില്‍ കുമാറും പ്രതി. കേസ് എടുത്തതിനപ്പുറം  നടപടിയൊന്നുമെടുക്കാതെ അന്വേഷണം അട്ടിമറിച്ചു.  കുറ്റവാളിയെന്ന് വിധിക്കും വരെ സനില്‍കുമാര്‍ തന്റെയൊപ്പമുണ്ടാകുമെന്ന് പറഞ്ഞ് മന്ത്രിയും ഗണ്‍മാന്റെ പിന്തുണയ്ക്കെത്തി. അതേസമയം തോക്കുകള്‍ മുഴുവന്‍ എസ്.എ.പി ക്യാംപിലെത്തിക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കി.

1996 മുതല്‍ 2018 വരെയുള്ള 28 വര്‍ഷംകൊണ്ടാണ് വെടിയുണ്ടകളും തോക്കുകളും കാണാതെ പോയതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഈ കാലഘട്ടങ്ങളില്‍ എസ്.എ.പി ക്യാംപില്‍ ഇവ സൂക്ഷിക്കാന്‍ ചുമതലയുണ്ടായിരുന്ന 11 പൊലീസുകാരെ പ്രതിചേര്‍ത്താണ് കേസെടുത്തത്. മൂന്നാം പ്രതിയാണ് മന്ത്രിയുടെ ഗണ്‍മാന്‍ സനില്‍കുമാര്‍. റജിസ്റ്ററില്‍ രേഖപ്പെടുത്താതെ വെടിയുണ്ടകള്‍ പുറത്തേക്ക് നല്‍കി, വ്യാജരേഖയുണ്ടാക്കി വെടിയുണ്ടകള്‍ നഷ്ടമായിട്ടില്ലെന്ന് വരുത്താന്‍ ശ്രമിച്ചു. ഇടപാടിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കി തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ പ്രതികള്‍ക്കെതിരെയുണ്ടങ്കിലും മന്ത്രി അവര്‍ക്കൊപ്പമാണ്.

മന്ത്രി പറയുന്ന അതേ നിസാരവല്‍ക്കരണമാണ് അന്വേഷണത്തില്‍ പൊലീസും കാട്ടിയത്. 2019 ഏപ്രിലില്‍ കേസെടുത്തിട്ടും ആദ്യം പേരൂര്‍ക്കട പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും  ഒന്നും അന്വേഷിച്ചില്ല. ഇപ്പോള്‍ സി.എ.ജി റിപ്പോര്‍ട്ടില്‍ കുടുങ്ങിയതോടെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. തോക്കുകളൊന്നും നഷ്ടമായിട്ടില്ലെന്ന് സ്ഥിരീകരിക്കാനായി പൊലീസിലെ മുഴുവന്‍ തോക്കുകളും പേരൂര്‍ക്കട എസ്.എ.പി ക്യാംപിലെത്തിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി നിര്‍ദേശിച്ചു. മുഴുവന്‍ തോക്കുകളുമുണ്ടെന്ന് കണക്കെടുപ്പില്‍ തെളിഞ്ഞാല്‍ പൊലീസ് രക്ഷപെടും. ഇല്ലങ്കില്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...