അമിത്ഷായുടെ കാല് പിടിക്കണോയെന്ന് ഇന്നലെ; ഇന്ന് കാര്‍ക്കശ്യം വെടിഞ്ഞ് കത്ത്

pinarayi-vijayan-4
SHARE

അലന്‍, താഹ യുഎപിഎ കേസില്‍ അന്വേഷണ ഏജന്‍സിയെ സംബന്ധിച്ച മുന്‍ നിലപാടില്‍മാറ്റം വരുത്തി മുഖ്യമന്ത്രി. എന്‍.ഐ.എ ഏറ്റെടുത്ത കേസ് സംസ്ഥാന സര്‍ക്കാരിന് തിരികെ നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് മുഖ്യമന്ത്രി കത്തു നല്‍കി. കേസ് തിരികെ കിട്ടാന്‍ അമിത്ഷായുടെ കാല് പിടിക്കണോ എന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി നിയമസഭയില്‍ ചോദിച്ചത്.

ഇതായിരുന്നു പന്തീരങ്കാവ് യുഎപിഎ കേസില്‍ മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ ഉന്നയിച്ച ചോദ്യം.   ഇരുപത്തിനാല് മണിക്കൂര്‍ കഴിയും മുന്‍പ് കാര്‍ക്കശ്യം വെടിഞ്ഞ് മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തി.

വിദ്യാ‍ര്‍ഥികളായ അലനെയും താഹയെയും മാവോയിസ്റ്റുകളായി മുദ്രകുത്തുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വ്യാപകവിമര്‍ശനം ഉയര്‍ന്നിരുന്നു. യുഎപിഎ ചുമത്തിയതിനെതിരെ സീതാറാം യെച്ചൂരി മുതല്‍ കോഴിക്കോട് ജില്ലാസെക്രട്ടറി പി. മോഹനനന്‍ വരെയുള്ള സിപിഎം നേതൃത്വവും വ്യത്യസ്ഥ അഭിപ്രായം പ്രകടിപ്പിച്ചു. ഇതിനും പുറമെ അലന്റെയും താഹയുടെയും കുടുംബങ്ങളുടെ ഇടത് അനുകൂല രാഷ്ട്രീയവും മുഖ്യമന്ത്രിയെ സ്വാധീനിച്ച ഘടകമാണ്. 

ഏറ്റവും ഒടുവില്‍ പ്രതിപക്ഷം ഇക്കാര്യത്തില്‍ രാഷ്ട്രീയ മേല്‍കൈനേടുന്നുവെന്ന തിരിച്ചറിവും സിപിഎമ്മിന് ഉണ്ടായി. സര്‍ക്കാരിന്‍റെ നിലപാട് മാറ്റത്തില്‍ സന്തോഷമുണ്ടെന്നും പ്രതിപക്ഷനേതാവിന്‍റെ ഇടപെടലും ഇതിന് കാരണമായി എന്നും താഹയുടെ അമ്മ ജമീല പ്രതികരിച്ചു.

യുഎപിഎ നിയമത്തിലെ 7 ബി വകുപ്പനുസരിച്ച് കേസ് സംസ്ഥാന പൊലീസിന് കൈമാറാന്‍കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുവാദം നല്‍കുമോ എന്നാണ് ഇനി കാണേണ്ടത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...