ഭാരവാഹിപ്പട്ടിക രണ്ടുഘട്ടമായി പ്രഖ്യാപിക്കും; തീരുമാനം ഹൈക്കമാന്‍ഡിന്

kpcc-jumbo-list
SHARE

ജംബോ പട്ടിക വെട്ടാന്‍ കഴിയാതെ പ്രതിസന്ധിയിലായതോടെ കെപിസിസി ഭാരവാഹികളെ രണ്ടുഘട്ടമായി പ്രഖ്യാപിക്കും. വര്‍ക്കിങ് പ്രസിഡന്‍റുമാരുടെ കാര്യത്തില്‍ തര്‍ക്കം തുടരുന്നതിനാല്‍ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു. ഭാരവാഹി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് വി ഡി സതീശനും ടി എന്‍ പ്രതാപനും എ പി അനില്‍ കുമാറും ഹൈക്കമാന്‍ഡിനെ അറിയിച്ചത് നിര്‍ണായകമായി. അന്തിമപട്ടിക നല്‍കിയെന്നും ഒരാള്‍ക്ക് ഒരു പദവിയെന്ന നിര്‍ദേശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറ‍ഞ്ഞു.

ആറ് വര്‍ക്കിങ് പ്രസിഡന്‍റുമാര്‍ ഉള്‍പ്പെടുന്ന ജംബോ പട്ടിക പാടില്ല, വനിതകള്‍ക്കും പട്ടിക വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം, ഗ്രൂപ്പ് മാത്രം നോക്കിയാല്‍ പോര പ്രവര്‍ത്തന മികവും ജനപ്രീതിയും വേണം ‌ഈ നിര്‍ദേശങ്ങളുമായി സ്വരം കടുപ്പിച്ച് ഹൈക്കമാന്‍ഡ്. വിട്ടുവീഴ്ച്ചയില്ലാതെ ഗ്രൂപ്പ് നേതാക്കള്‍. ഇരട്ടപ്പദവി വേണ്ടെന്ന നിര്‍ദേശത്തില്‍ നിന്ന് പിന്മാറാതെ കെപിസിസി അധ്യക്ഷന്‍. മാരത്തണ്‍ ചര്‍ച്ച വഴിമുട്ടിയതോടെയാണ് ഭാരവാഹികളെ രണ്ടുഘട്ടമായി പ്രഖ്യാപിക്കാം എന്ന പരിഹാരം ഒരുത്തിരിഞ്ഞത്. വൈസ് പ്രസിഡന്‍റുമാരുടെയും ജനറല്‍ സെക്രട്ടറിമാരുടെയും പട്ടിക ആദ്യം. പിസി വിഷ്ണുനാഥ്, ടി സിദ്ദിഖ്, പത്മജ വേണുഗോപാല്‍, ശൂരനാട് രാജശേഖരന്‍ എന്നിവര്‍ വൈസ് പ്രസിഡന്‍റുമാരാകുമെന്നാണ് സൂചന. മുഴുവന്‍ സമയ പ്രവര്‍ത്തകരെയാണ് കെപിസിസിക്ക് ആവശ്യമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ജംബോ പട്ടികയ്ക്ക് പാര്‍ട്ടി അംഗീകാരം നല്‍കിയാല്‍ പൊതുമധ്യത്തില്‍ അവമതിപ്പുണ്ടാകുമെന്ന് ചൂട്ടിക്കാട്ടിയാണ് ജനപ്രതിനിധികളായ വി ഡി സതീശനും ടി എന്‍ പ്രതാപനും എ പി അനില്‍ കുമാറും പിന്‍വാങ്ങിയത്. എന്നാല്‍ എംപിമാരായ കൊടിക്കുന്നില്‍ സുരേഷും കെ സുധാകരനും വര്‍ക്കിങ് പ്രസിഡന്‍റുമാരായി തുടരാനാണ് സാധ്യത. അങ്ങിനെയെങ്കില്‍ പ്രശ്നത്തിന് ഇടയാക്കിയേക്കാം.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...