കളിയിക്കാവിള എസ്എസ്ഐ വധം: പ്രതികള്‍ പിടിയില്‍; കൊലപാതകം ആസൂത്രിതം

asi-murder-2
SHARE

കളിയക്കാവിളയിൽ എസ്എസ്ഐ വിൽസൻ വധക്കേസിൽ പ്രതികള്‍ പിടിയില്‍. അബ്ദുല്‍ ഷമീറും തൗഫീഖും ആണ്  ഉഡുപ്പിയില്‍ റയില്‍വേസ്റ്റേഷനില്‍ നിന്ന്  പിടിയിലായത്. 

പ്രതികള്‍ ആക്രമണത്തിന് മുന്‍പുള്ള ഏഴ് മണിക്കൂര്‍ ചെലവഴിച്ചത് നെയ്യാറ്റിന്‍കരയിലാണെന്നു തെളിഞ്ഞിട്ടുണ്ട്‍. ഈ മണിക്കൂറില്‍ ഇവര്‍ എന്ത് ചെയ്തൂവെന്ന് വ്യക്തതയില്ലാത്തതിനാല്‍ നിര്‍ണായകമായ ഈ സമയത്തെ മുഴുവന്‍ ഫോണ്‍ വിളികളും പരിശോധിക്കുന്നു. തീവ്രസംഘടനയുടെ ആസൂത്രിത ആക്രമണമാണ് വെടിവയ്പ്പെന്നും പൊലീസ് സ്ഥിരീകരിച്ചു. പ്രതികള്‍ ആക്രമണത്തിന് പുറപ്പെടുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു.

നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റിന് സമീപത്ത് നിന്നാണ് പ്രതികൾ ഓട്ടോയില്‍ കയറുന്നത്. അപ്പോള്‍ സമയം രാത്രി 8.51. ഇതേദിവസം ഉച്ചയ്ക്ക് 2.10ന് നെയ്യാറ്റിന്‍കരയിലെ മറ്റൊരിടത്ത് നില്‍ക്കുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പിന്നീടുള്ളത് രാത്രി 8.40ന് റോഡിലൂടെ നടക്കുന്നതാണ്. 2.10നും രാത്രി 8.40നും ഇടയില്‍ ഇവര്‍ എവിടെയായിരുന്നു, ആരെയൊക്കെ കണ്ടു എന്നതിന് തെളിവൊന്നുമില്ല. നിര്‍ണായക ഗൂഡാലോചനകള്‍ ഇതിനിടയില്‍ നടന്നിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍. അത് കണ്ടെത്താന്‍ ഈ മണിക്കൂറില്‍ പാറശാല, നെയ്യാറ്റിന്‍കര ഭാഗത്തെ ടവറുകളിലൂടെയുള്ള മുഴുവന്‍ ഫോണ്‍വിളികളും പരിശോധിക്കുകയാണ് അന്വേഷണസംഘം.

വില്‍സണെ അല്ലങ്കില്‍  ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ മാത്രം ലക്ഷ്യമിട്ടാണ് പ്രതികളെത്തിയതെന്നും സ്ഥിരീകരിച്ചു. പെട്ടന്നുണ്ടായ വെടിവയ്പ്പല്ലെന്നും ആസൂത്രിത ആക്രമണമാണെന്നും ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഉറപ്പിക്കുന്നുണ്ട്.

കളിയിക്കാവിള വരെ പ്രതികളെ കൊണ്ടുവിട്ടതായി ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. രാത്രി 9.19ന് ചെക്പോസ്റ്റിന് സമീപത്ത് എത്തിയ ഇവര്‍ ആദ്യം ചെക്പോസ്റ്റിന് മുന്നിലൂടെ രണ്ട് തവണ നടന്നു. പിന്നീട് 9.24 ന് നേരെ ചെന്ന് വെട്ടിയശേഷം വെടിവച്ചു. വെടിവയ്ക്കാനായി പോകുമ്പോള്‍ ഇവരുടെ കൈവശം മറ്റൊന്നുമില്ല. അതുകൊണ്ട് തന്നെ ചെക്പോസ്റ്റിലൂടെ എന്തെങ്കിലും കടത്താനുള്ള ശ്രമത്തിനിടെ പെട്ടെന്നുണ്ടായ ആക്രമണം എന്ന സാധ്യത തള്ളി തീവ്രസംഘടനയുടെ ആസൂത്രിത ആക്രമണം എന്ന് ഉറപ്പിക്കുകയാണ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...