തദ്ദേശ തിരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍ പട്ടിക; കമ്മിഷന് ഹൈക്കോടതി നോട്ടീസ്

2012-Piravom-Assemly-Byelec
File Photo
SHARE

2015ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച് കരട് വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിനെതിരായ  ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നോട്ടീസ്. 2019 ലെ  വോട്ടർ പട്ടിക നില നിൽക്കേ 2015 ൽ പഞ്ചായത്ത്‌ ഇലക്ഷനിൽ ഉപയോഗിച്ച വോട്ടർ  പട്ടിക ഉപയോഗിക്കുന്നതിന്റെ കാരണം വ്യക്തമാക്കാനാണ് നിര്‍ദേശം.  വിശദീകരണം രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണം. 

നാദാപുരത്തെ മുസ്ലീംലീഗ് നേതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി  തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചത്. കഴിഞ്ഞ  തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം  നിയമസഭയിലേക്കും ലോക്സഭയിലേക്കും തിരഞ്ഞെടുപ്പ് നടന്നു. ഈ രണ്ട് വോട്ടര്‍പട്ടികകളും നിലനില്‍ക്കെ 2015ലെ വോട്ടര്‍ പട്ടിക കരട് പട്ടിക തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത് തെറ്റാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

അതിനിടെ തദ്ദേശ തിരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റ തീരുമാനത്തിന് സര്‍ക്കാര്‍ പിന്തുണ. കമ്മീഷന്റ തീരുമാനമാണ് അന്തിമമെന്നും അതുമായി മുന്നോട്ടുപോകുമെന്നും മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. അതേസമയം, തീരുമാനത്തെ നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. 

2019 ലെ വോട്ടര്‍പട്ടിക ബൂത്ത് അടിസ്ഥാനത്തിലുള്ളതാണ്. ഇത് വാര്‍ഡ് തലത്തിലാക്കുന്നത് സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. അതുകൊണ്ട് 2015 ലെ വോട്ടര്‍പട്ടിക പരമാവധി ആളുകളെ ചേര്‍ത്ത് പുതുക്കി ഉപയോഗിക്കാനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റ തീരുമാനം. ഇതിനെ  അനുകൂലിക്കുന്നതായിരുന്നു വകുപ്പ് മന്ത്രിയുടെ നിലപാട് 

എ.സി മൊയ്തീന്റ നിലപാടിനോട് മന്ത്രി ഇ.പി ജയരാജനും യോജിച്ചു. വോട്ടര്‍പട്ടികയില്‍ വീണ്ടും പേര് ചേര്‍ക്കേണ്ടിവരുന്നത് ലക്ഷക്കണക്കിന് ആളുകളെ ബുദ്ധിമുട്ടിക്കുമെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലെ വിലയിരുത്തല്‍. 

എന്നാല്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റ തീരുമാനം അംഗീകരിച്ചതോടെ  അതിനോട് യോജിക്കുകയേ സി.പി.എമ്മിനും വഴിയുള്ളു. അതേസമയം 2015 ലെ പട്ടികയില്‍ ലക്ഷക്കണക്കിന് ആളുകളുടെ പേര് ചേര്‍ക്കുന്നത് പ്രായോഗികമല്ലെന്നും തീരുമാനം പിന്‍വലിക്കണമെന്നും പ്രതിപക്ഷനേതാവ്. കമ്മീഷനും യു.ഡി.എഫും നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ വോട്ടര്‍പട്ടിക കോടതികയറുമെന്ന് ഉറപ്പായി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...