
തൃശൂർ തളിക്കുളം എടശ്ശേരിയില്‍ പിതാവിനേയും മാതൃസഹോദരിയേയും യുവാവ് തലയ്ക്കടിച്ച് കൊന്നു. യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസ് കൈമാറി. മാനസിക അസ്വാസ്ഥ്യത്തിന് ചികിൽസയിലായിരുന്നു യുവാവെന്ന് പൊലീസ് പറഞ്ഞു.
മമ്മസ്രായില്ലത്ത് വീട്ടില്‍ ജമാല്‍, പണിക്കവീട്ടില്‍ ഹസൻ ഭാര്യ ഖദീജ എന്നിവരാണ് കൊല്ലപ്പെട്ടത്. ജമാലിന് 60 വയസും ഖദീജയ്ക്ക് 55 ഉം വയസായിരുന്നു. ജമാലിന്റെ മകനെ കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചക്ക് ഒന്നരയോടെ സ്വന്തം വീട്ടിലെത്തിയ യുവാവ് പിതാവിനെ പുറത്തേക്ക് വലിച്ചിഴച്ച് മർദ്ദിച്ചു. കരിങ്കല്ല് കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. പിന്നീട് മുറ്റത്ത് പാഴ് വസ്തുക്കൾക്ക് തീയിട്ട ശേഷം അതിലേക്ക് തള്ളിയിടുകയായിരുന്നു. ഇതു കണ്ട മാതാവ് പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും മർദ്ദിക്കുകയായിരുന്നു. തൊട്ടടുത്ത് താമസിക്കുന്ന സഹോദരി ഖദീജയെ വിളിച്ചു കൊണ്ട് വന്ന് പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഖദീജയ്ക്ക് തലക്കടിയേറ്റത്. സ്ത്രീകളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ യുവാവിനെ കീഴ്പ്പെടുത്തി. ജമാലിനെയും ഖദീജയെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ എടമുട്ടത്തുള്ള ഒരു ക്ഷേത്രത്തിൽ കയറി പ്രശ്നമുണ്ടാക്കിയതിന് യുവാവിന് എതിരെ ക്ഷേത്രം ഭാരവാഹികൾ വലപ്പാട് പോലീസിന് പരാതി നൽകിയിരുന്നു. മൂന്ന് വർഷത്തോളമായി ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന് ബന്ധുക്കൾ പറഞ്ഞു.