തോമസ് ചാണ്ടി അന്തരിച്ചു; അന്ത്യം കൊച്ചിയിൽ

thomas-chandy--ncp-1
SHARE

എന്‍സിപി സംസ്ഥാന പ്രസിഡന്‍റും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി അന്തരിച്ചു . ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ വീട്ടിലായിരുന്നു എഴുപത്തിരണ്ടുകാരനായ തോമസ് ചാണ്ടിയുടെ അന്ത്യം. വ്യവസായ രംഗത്തും രാഷ്ട്രീയത്തിലും ഒരുപോലെ മികവു തെളിയിച്ച അപൂര്‍വമാളുകളിലൊരാള്‍ എന്ന നിലയിലാവും രാഷ്ട്രീയ ചരിത്രം തോമസ്ചാണ്ടിയെ അടയാളപ്പെടുത്തുക.

ഉച്ച കഴിഞ്ഞ് രണ്ടരയോടെയുണ്ടായ ഹൃദയാഘാതമായിരുന്നു  തോമസ്ചാണ്ടിയുടെ മരണകാരണം. ആശുപത്രിയിലേക്ക് കൊണ്ടുപോകും മുമ്പ് തന്നെ മരണം സംഭവിച്ചു.അന്ത്യനിമിഷത്തില്‍  ഭാര്യയും മൂന്നു മക്കളും മറ്റ് കുടുംബാംഗങ്ങളും അരികിലുണ്ടായിരുന്നു. രോഗബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു തോമസ്ചാണ്ടി. ഒരു മാസം മുമ്പും അമേരിക്കയില്‍ ചികില്‍സയ്ക്കു വിധേയനായി. മടങ്ങിയെത്തുമ്പോള്‍ മെച്ചപ്പെട്ട ആരോഗ്യം കഴിഞ്ഞ മൂന്നു ദിവസം കൊണ്ട്  മോശമാവുകയായിരുന്നു. 

പ്രവാസി വ്യവസായി എന്ന നിലയില്‍ ശ്രദ്ധേയനായ തോമസ്ചാണ്ടി  ഗള്‍ഫിലെ കോണ്‍ഗ്രസ് പ്രവാസി സംഘടനയുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരുമായി അടുപ്പത്തിലാകുന്നത് . കെ.കരുണാകരനുമായുണ്ടായിരുന്ന ആത്മബന്ധത്തിന്‍റെ കരുത്തില്‍ 2006ല്‍ ഡിഐസികെ സ്ഥാനാര്‍ഥിയായി കുട്ടനാട്ടില്‍ നിന്ന് ജയിച്ചുകയറി. പിന്നീട് എന്‍സിപിയിലേക്ക്.കരുണാകരന്‍ തിരികെ കോണ്‍ഗ്രസിലേക്ക് മടങ്ങിയെങ്കിലും ഇടതുമുന്നണിക്കൊപ്പം തന്നെ നിന്നു തോമസ്ചാണ്ടി. 2011ലും 16ലും വിജയമാവര്‍ത്തിച്ചു. പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായി . വിവാദങ്ങളെ തുടര്‍ന്ന് രാജിവയ്ക്കേണ്ടി വന്നെങ്കിലും എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്‍റെന്ന നിലയില്‍ പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്തനായി. മഹാരാഷ്ട്രാ വിവാദങ്ങളില്‍ പാര്‍ട്ടി നിലപാട് പറയാന്‍ രണ്ടാഴ്ച മുമ്പും ഊര്‍ജ്വസ്വലനായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയ തോമസ്ചാണ്ടിയുടെ വിയോഗം സഹപ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അപ്രതീക്ഷിത ആഘാതമായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ജന്‍‌‍മനാടായ കുട്ടനാട് ചേന്നങ്കരിയിലെ സെന്‍റ് പോള്‍സ് മാര്‍ത്തോമാ പളളി സെമിത്തേരിയിലാവും സംസ്കരിക്കുക. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...