പൗരത്വ ബില്‍ ഇന്ന് ലോക്സഭയില്‍; തടയിടാൻ പ്രതിപക്ഷം: തുണയ്ക്കാൻ ശിവസേന

loksabha-karnataka
SHARE

ഏറെ വിവാദമായ പൗരത്വ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. പാര്‍ട്ടി എം.പിമാര്‍ക്ക് ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ ടി.എന്‍.പ്രതാപനെയും ഡീന്‍ കുര്യക്കോസിനെയും സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്‍റെ പ്രമേയവും ലോക്സഭയില്‍വരും. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം പാര്‍ലമെന്‍റില്‍ പോര്‍മുഖം തുറക്കും.

പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‍ലിംകള്‍ ഒഴികെയുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം അനുവദിക്കാനാണ് ഭേദഗതി. ജനുവരിയില്‍ പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കിയിരുന്നെങ്കിലും പ്രതിപക്ഷ എതിര്‍പ്പു മൂലം രാജ്യസഭയില്‍ അവതരിപ്പിക്കാനാകാതെ കാലഹരണപ്പെട്ടു. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രൈസ്തവ സമുദായക്കാര്‍ക്കാണ് ബില്ലിന്‍റെ ആനുകൂല്യം ലഭിക്കുക. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധം തണുപ്പിക്കാന്‍ പുതിയ ബില്ലില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ് സൂചന. അസം, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലെ ഗോത്ര മേഖലകള്‍ക്ക് ബില്‍ ബാധകമാകില്ല. അരുണാചല്‍, മിസോറം, നാഗാലന്‍ഡ് സംസ്ഥാനങ്ങളില്‍ പ്രവേശന പെര്‍മിറ്റ് ആവശ്യമായ മേഖലകളും ബില്ലിന്‍റെ പരിധിയില്‍ വരില്ല. പൗരത്വം മതം അടിസ്ഥാനമാക്കിയാകരുതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ എതിര്‍ക്കുന്നു. 

എന്നാല്‍ ശിവസേന ബില്ലിനെ പിന്തുണയ്ക്കും. ടി എന്‍ പ്രതാപനും ഡീന്‍ കുര്യാക്കോസിനുമെതിരെ പാര്‍ലമെന്‍ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് പ്രമേയം കൊണ്ടുവന്നിട്ടുള്ളത്. ഈ സമ്മേളനകാലം മുഴുവന്‍ സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നാണ് ആവശ്യം. ബിജെപിക്ക് ഭൂരിപക്ഷമുള്ളതിനാല്‍ പ്രമേയം പാസാക്കാന്‍ തടസമില്ല. സ്മൃതി ഇറാനിക്ക് നേരെ മുഷ്ടിചുരുട്ടുകയും മര്‍ദിക്കുമെന്ന് ആംഗ്യം കാണിക്കുകയും ചെയ്തുവെന്നാണ് ആരോപണം. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിനെ ശക്തമായി നേരിടാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...