കാര്യവട്ടത്ത് കളി കൈവിട്ട് ടീം ഇന്ത്യ; വിൻഡീസിന് എട്ടുവിക്കറ്റിന്റെ തകർപ്പൻ ജയം

nicolas-puran-kohli-2
SHARE

തിരുവനന്തപുരം ട്വന്റി20യിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തോൽവി. ട്വന്റി20യിൽ വിൻഡീസിനെതിരെ തുടർച്ചയായ എട്ടാം ജയം തേടിയിറങ്ങിയ ഇന്ത്യയെ എട്ടു വിക്കറ്റിനാണ് സന്ദർശകർ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണെടുത്തത്.  തകർപ്പൻ അർധസെ‍ഞ്ചുറിയുമായി ലെൻഡ്ൽ സിമ്മൺസ് തകർത്തടിച്ചതോടെ ഒൻപതു പന്തു ശേഷിക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് ലക്ഷ്യത്തിലെത്തി. സിമ്മൺസ് 45 പന്തിൽ നാലു വീതം സിക്സും ഫോറും സഹിതം 67 റൺസുമായി പുറത്താകാതെ നിന്നു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ വിൻഡീസ് ഇന്ത്യയ്ക്കൊപ്പമെത്തി (1–1). ഹൈദരാബാദിൽ നടന്ന ഒന്നാം ട്വന്റി20യിൽ ഇന്ത്യ ആറു വിക്കറ്റിന് ജയിച്ചിരുന്നു. പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരം 11ന് മുംബൈയിൽ നടക്കും. കാത്തുകാത്തിരുന്ന മത്സരത്തിൽ ആദ്യം സഞ്ജു സാംസണ് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കാത്തതിൽ മലയാളി ആരാധകർ നിരാശയിലായിരുന്നു. ഒപ്പം ഇന്ത്യയുടെ തോൽവിയും.

ഭുവനേശ്വർ കുമാർ എറിഞ്ഞ അഞ്ചാം ഓവറിൽ വ്യക്തിഗത സ്കോർ ആറിൽ നിൽക്കെ സിമ്മൺസ് നൽകിയ അനായാസ ക്യാച്ച് വാഷിങ്ടൺ സുന്ദറും വ്യക്തിഗത സ്കോർ 16ൽ നിൽക്കെ എവിൻ ലൂയിസ് നൽകിയ ക്യാച്ച് ഋഷഭ് പന്തും കൈവിട്ടതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. സിമ്മൺസ് 67 റൺസുമായി വിൻഡീസിനെ വിജയത്തിലേക്കു കൈപിടിച്ചപ്പോൾ, ലൂയിസ് 35 പന്തിൽ മൂന്നു വീതം സി്ക്സും ഫോറും സഹിതം 40 റൺസെടുത്ത് ഉറച്ച പിന്തുണ നൽകി. ഓപ്പണിങ് വിക്കറ്റിൽ സിമ്മൺസ് – ലൂയിസ് സഖ്യം 73 റൺസ് കൂട്ടിച്ചേർത്തു. ഈ മത്സരത്തിനു മുൻപ് 2019ൽ കളിച്ച 10 ട്വന്റി20 മത്സരങ്ങളിൽനിന്ന് വിൻഡീസ് ഓപ്പണർമാർ നേടിയത് 72 റൺസ് മാത്രമായിരുന്നു. ഷിമ്രോൺ ഹെറ്റ്മയർ (14 പന്തിൽ മൂന്നു സിക്സ് സഹിതം 23), നിക്കോളാസ് പുരാൻ (18 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം പുറത്താകാതെ 38) എന്നിവരും തകർത്തടിച്ചതോടെ വിൻഡീസ് അനായാസം ജയത്തിലെത്തി. ഓള്‍റൗണ്ടർ ശിവം ദുബെയുടെ കന്നി അർധസെഞ്ചുറി (30 പന്തിൽ 54) പാഴായതിന്റെ നിരാശ ഇന്ത്യയ്ക്ക്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...