കുറ്റക്കാരായ സിന്‍ഡിക്കറ്റ് അംഗങ്ങളെ സംരക്ഷിച്ച് എം.ജി സര്‍വകലാശാല; നടപടിയില്ല

mg-university
SHARE

എംജി സർവകലാശാലയിലെ മാര്‍ക്ക്ദാനം ഉള്‍പ്പെടെയുള്ള വിവാദതീരുമാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സിന്‍ഡിക്കേറ്റ് അംഗങ്ങളെ സംരക്ഷിക്കാന്‍ നീക്കം. ഉത്തരക്കടലാസ് ആവശ്യപ്പെട്ടതിലുള്‍പ്പെടെ ചട്ടലംഘനം കണ്ടെത്തിയിട്ടും അംഗങ്ങള്‍ക്കെതിരെ നടപടിയില്ല. തെറ്റുകള്‍ തിരുത്തിയെന്ന വിശദീകരിച്ച് സിന്‍ഡിക്കേറ്റിന്‍റെ ഗുരുതര ക്രമക്കേടുകള്‍ നിസാരവത്കരിക്കാനും ശ്രമം. 

സര്‍വകലാശാല ചട്ടങ്ങളും മറികടന്നാണ് സിന്‍ഡിക്കേറ്റിന്‍റെ അമിതാധികാര പ്രയോഗമെന്ന് ഗവര്‍ണര്‍ക്ക് ബോധ്യപ്പെട്ടു. മാര്‍ക്ക്ദാനത്തിലും ഉത്തരക്കടലാസുകള്‍ ആവശ്യപ്പെട്ടതിലും ഇത് പകല്‍പോലെ വ്യക്തമാണ്. സര്‍വകലാശാലയും തെറ്റ് പറ്റിയെന്ന് തുറന്ന് സമ്മതിക്കുന്നു. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടി വേണ്ടെ എന്ന ചോദ്യത്തിന്  മാത്രം ഉത്തരമില്ല. മാര്‍ക്ക്ദാനം നല്‍കാന്‍ തീരുമാനിച്ചത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഒറ്റക്കെട്ടായാണ്. വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ തീരുമാനത്തെ ന്യായീകരിക്കാനും അംഗങ്ങള്‍ മത്സരിച്ചു. ചോദ്യപേപ്പര്‍ ആവശ്യപ്പെട്ട സംഭവത്തില്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍ പ്രഗാഷാണ് അമിതാധികാരം പ്രയോഗിച്ചത്. 

എംകോം നാലാം സെമസ്റ്റർ പരീക്ഷയുടെ 31 ഉത്തരക്കടലാസുകൾ, രഹസ്യ നമ്പർ, റജിസ്റ്റർ നമ്പർ എന്നിവയാണ് ആവശ്യപ്പെട്ടത്.  വെള്ളപേപ്പറില്‍ തയ്യാറാക്കിയ നിർദേശം വൈസ് ചാൻസലർ ഉത്തരവായും നൽകി. 31 ഉത്തരക്കടലാസുകളാണ് ആവശ്യപ്പെട്ടതെങ്കിലും 54 ഉത്തരക്കടലാസുകൾ കൈമാറി. രണ്ടു കോളജുകളിലെ പരീക്ഷാ ഫലം തടഞ്ഞു വച്ചിരിക്കെയാണ് രേഖകള്‍ കൈമാറിയതെന്നത് ദുരൂഹം. 

പുനര്‍മൂല്യനിര്‍ണയം കഴിയുന്നതുവരെ ഇത്തരം രഹസ്യവിവരങ്ങള്‍ പുറത്ത് വിടരുതെന്നാണ് ചട്ടം. സിന്‍ഡിക്കേറ്റ് അംഗത്തിന് പുറമെ വൈസ് ചാന്‍സലറും പരീക്ഷ കണ്‍ട്രോളറും ഈ സംഭവത്തില്‍ കുറ്റക്കാരാണ്. സര്‍വകലാശാലയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തിയവര്‍ക്കെതിരെ പേരിന് പോലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...