പിന്തുണച്ച് കോണ്‍ഗ്രസും ബിജെപിയും; പൊലീസിനെ പ്രകീര്‍ത്തിച്ച് ജനം തെരുവിലിറങ്ങി

hyderabad-police-2
SHARE

ബലാല്‍സംഗക്കേസ് പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച ഹൈദരബാദ് പൊലീസിന്റെ നടപടിയെ പിന്തുണച്ച് ലോക്സഭയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും. ഹൈദരബാദില്‍ കുറ്റവാളികളെ നേരിടുന്നു, യു.പിയില്‍ സുരക്ഷ ഒരുക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഭരണ പ്രതിപക്ഷ ഏറ്റുമുട്ടല്‍. ഉന്നാവിലെ പെണ്‍കുട്ടിയുടെ വിഷയത്തിനൊപ്പം ബംഗാളിലെ മാള്‍ഡയില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയതും പ്രതിപക്ഷം പറയണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞതാണ് ബഹളത്തിനിടയാക്കിയത്. സ്ത്രീ സുരക്ഷ വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. 

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇതോടെ പ്രതിഷേധിച്ചു. ബലാല്‍സംഗ കുറ്റങ്ങളില്‍ സമയബന്ധിതമായി ശിക്ഷ നടപ്പാക്കണമെന്ന് എം.പിമാര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. രാമക്ഷേത്രം ഒരിടത്ത് ഒരുങ്ങുമ്പോള്‍ മറ്റിടങ്ങളില്‍ സീതമാരെ ജീവനോടെ കത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ പറഞ്ഞു. ഹൈദരാബാദില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കുറ്റവാളികളെ പൊലീസ് നേരിട്ടപ്പോള്‍ യുപിയില്‍ പൊലീസ് കുറ്റവാളികള്‍ക്ക് സുരക്ഷയൊരുക്കുകയാണെന്നും അധിര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. 

അതേസമയം, തെലങ്കാന പൊലീസിനെ പ്രകീര്‍ത്തിച്ച് ജനം തെരുവിലിറങ്ങി. സംഭവസ്ഥലത്ത്് തടിച്ചുകൂടിയ ജനം പൊലീസുകാരെ എടുത്തുയര്‍ത്തിയും പടക്കം പൊട്ടിച്ചും ആഹ്ളാദം പ്രകടിപ്പിച്ചു. ഡല്‍ഹിയിലെ നിര്‍ഭയയുടെ അമ്മയും ദേശീയ വനിത കമ്മിഷനും ബി.എസ്.പി നേതാവ് മായാവതിയും പൊലീസ് നടപടിയെ പിന്തുണച്ചു.

രാജ്യത്തെ നടുക്കിയ ബലാല്‍സംഗക്കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടതറിഞ്ഞ് ആയിരങ്ങളാണ്  ഹൈദരാബാദ്  – ബെംഗളൂരു ദേശീയപാതയിലെ ഷാദ്നഗറിലെത്തിയത്.  പൊലീസിന് മുദ്രാവാക്യം വിളിച്ച് തുടങ്ങിയ ആഹ്ളാദപ്രകടനം പിന്നീട് പൊലീസുകരെ എടുത്തുയര്‍ത്തിയും റോഡില്‍ പടക്കം പൊട്ടിച്ചും നീണ്ടു.

സ്ത്രീകള്‍ പൊലീസുകാര്‍ക്ക് രാഖി കെട്ടുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു.  കൊല്ലപ്പെട്ട ഡോക്ടറുടെ ആത്മാവിന് ശാന്തി ലഭിക്കുന്ന നടപടിയെന്നാണ് ചിലര്‍  പ്രതികരിച്ചത്.  കുറ്റവാളികള്‍ക്ക് മുന്നറിയിപ്പാണ് നടപടിയെന്നും ചിലര്‍ വിശദീകരിച്ചു

പൊലീസ് നടപടിയെ ന്യായീകരിച്ച ഡല്‍ഹിയിലെ നിര്‍ഭയയുടെ അമ്മ പൊലീസുകാര്‍ക്കെതിരെ നടപടി പാടില്ലെന്ന് ആവശ്യപ്പെട്ടു. 

സാധാരണ വ്യക്തിയെന്ന നിലയില്‍ നടപടിയെ അംഗീകരിക്കുന്നെന്ന് ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ പ്രതികരിച്ചു

ഉത്തര്‍ പ്രദേശ് പൊലീസ് തെലങ്കാന പൊലീസിനെ മാതൃകയാക്കണമെന്ന് ബി.എസ്.പി നേതാവ് മായാവതി പറഞ്ഞു.  ക്രിമനികലുകളെ യുപി സര്‍ക്കാര്‍ അതിഥികളായാണ് പരിഗണിണിക്കുന്നതെന്ന് മായാവതി പരിഹസിച്ചു. 

ഹൈദരാബാദ് പൊലീസിനെ അഭിവാദ്യം ചെയ്ത് ബാഡ്മിന്‍റണ്‍ താരം സൈന നെഹ്‌വാള്‌ ട്വീറ്റ് ചെയ്തു.  പ്രതികള്‍ രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ പൊലീസിന് ഇത്തരത്തില്‍ നീതി നടപ്പാക്കേണ്ടിവരുമെന്ന് ഛത്തീസ് ഗഡ് മുഖ്യമന്ത്രി  ഭൂപേഷ് ബാഗല്‍ പ്രതികരിച്ചു.  നീതി നടപ്പാകാന്‍ വൈകുന്നതാണ്് ജനം  പൊലീസ് നടപടിയെ പിന്തുണയ്ക്കാന്‍ കാരണമെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്്രിവാളിന്റെ പ്രതികരണം.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...