യുവതിപ്രവേശനവിധി നടപ്പാക്കണം; ഹർജിയുമായി ബിന്ദു അമ്മിണി സുപ്രീം കോടതിയിൽ

bindu-ammini-n
SHARE

ശബരിമലയില്‍ യുവതി പ്രവേശന വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീംകോടതിയില്‍. ദര്‍ശനം നടത്താനാഗ്രഹിക്കുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിടണം. സ്ത്രീകളുടെ പ്രായപരിശോധന നിര്‍ത്തിവയ്ക്കണം. യുവതി പ്രവേശം തടയാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ചതിന്‍റെ പേരില്‍ ബിന്ദു അമ്മിണി അക്രമിക്കപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. യുവതി പ്രവേശം അനുവദിച്ചുള്ള വിധി സ്റ്റേ ചെയ്തതായി പുന:പരിശോധന ഹര്‍ജിയിലെ വിധിയില്‍ പറയുന്നില്ല. സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയതുമാണ്. എന്നിട്ടും യുവതി പ്രവേശം അനുവദിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാട് നിയമവിരുദ്ധമാണ്. 

ഈ സാഹചര്യത്തില്‍ യുവതി പ്രവേശം അനുവദിച്ചുള്ള വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിനോട് ഉത്തരവിടണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കണം. ശബരിമലയില്‍ സ്ത്രീകളുടെ പ്രായപരിശോധന നടത്തുന്നത് എത്രയും പെട്ടെന്ന് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടണം. യുവതി പ്രവേശം തടയാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. വിധിയെക്കുറിച്ച് ദൃശ്യ–ശ്രാവ്യ–അച്ചടി മാധ്യമങ്ങളിലൂടെ പ്രചാരണം നടത്താന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണം തുടങ്ങിയവയാണ് ഹര്‍ജിയിലെ മറ്റ് ആവശ്യങ്ങള്‍. 

പുന:പരിശോധന ഹര്‍ജിയിലെ വിധിയോടെ ശബരിമലയില്‍ യുവതി പ്രവേശം അനുവദിക്കുന്ന കാര്യത്തിലെ വ്യക്തത നഷ്ടമായതായി സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും നിലപാടെടുക്കുന്നതിനിടെയാണ് ബിന്ദു അമ്മിണി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി പരിഗണനയ്ക്ക് എത്തുന്നതോടെ യുവതി പ്രവേശം സംബന്ധിച്ചുള്ള അവ്യക്തതകള്‍ നീങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...