ജംബോ കമ്മിറ്റിയുടെ ഉത്തരവാദി താനല്ല, ചിലർ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു: മുല്ലപ്പള്ളി

mullappally-ramachandran-2
SHARE

കെ.പി.സി.സി ജംബോ ഭാരവാഹി പട്ടികയ്ക്കെതിരെ ആഞ്ഞടിച്ച് ഡി.സി.സി പ്രസിഡന്റുമാര്‍. ജംബോ കമ്മിറ്റി തിരിച്ചടിയുണ്ടാക്കുമെന്നും പറയുന്നതെല്ലാം അംഗീകരിച്ചു കൊടുക്കുകയല്ല കെ.പി.സി.സി അധ്യക്ഷന്‍ ചെയ്യേണ്ടതെന്നും ജില്ലാ പ്രസി‍ന്റുമാര്‍ തുറന്നടിച്ചു. തെന്നല ബാലകൃഷ്ണപിള്ളയൊഴിച്ച് മറ്റെല്ലാവരും പേരുകള്‍ തന്നിരുന്നുവെന്നും  ജംബോ പട്ടികയുടെ പേരില്‍ തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും ഡി.സി.സി പ്രസിഡന്റുമാരുടെ യോഗത്തില്‍ മുല്ലപ്പള്ളി  വെളിപ്പെടുത്തി.

ജില്ലകളിലെ ജംബോ കമ്മിറ്റിയെ കുറ്റപ്പെടുത്തുന്നവര്‍ക്ക് ഇനിയെന്ത് ന്യായം പറയാനുണ്ടെന്നായിരുന്നു ഡി.സി.സി പ്രസിഡന്റുമാരുടെ ചോദ്യം. മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്റായിരിക്കെ ഇത് പ്രതീക്ഷിച്ചില്ല. പട്ടിക തിരുത്താന്‍ മുല്ലപ്പള്ളി തയാറാകണമെന്നും പൂര്‍ണ പിന്തുണയുണ്ടെന്നും പ്രസിഡന്റുമാര്‍. ജംബോ പട്ടികയുടെ ഉത്തരവാദി താന്‍ മാത്രമല്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. തെന്നല ബാലകൃഷ്ണപിള്ളയൊഴിച്ചുള്ള നേതാക്കളെല്ലാം പേരുകള്‍ എഴുതിത്തന്നു. 

ജംബോയെന്ന് ആക്ഷേപിക്കുന്നവര്‍പോലും ആ കൂട്ടത്തിലുണ്ട്. രണ്ടിടത്ത് തോല്‍വിയുണ്ടായപ്പോഴും ഉത്തരവാദിത്തം തന്റ തലയില്‍ മാത്രം െകട്ടിവയ്ക്കാന്‍ ചിലര്‍ ശ്രമിച്ചു. ജംബോ പട്ടികയുടെ കാര്യത്തില്‍ ഡി.സി.സി പ്രസിഡന്റുമാര്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും പട്ടിക തിരുത്തുമെന്നും മുല്ലപ്പള്ളി ഉറപ്പുനല്‍കി. പ്രതിപക്ഷനേതാവും ഇതിനോട് യോജിച്ചു. യൂത്ത് കോണ്‍ഗ്രസില്‍ വോട്ടെടുപ്പ് നടത്തരുതെന്നും ജില്ലാ പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടു. 

കേരള കോണ്‍ഗ്രസിനെ കയറൂരി വിടരുതെന്ന് ഇടുക്കി, കോട്ടയം ഡി.സി.സികള്‍ ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലകളില്‍ നടത്തേണ്ട പരിപാടികള്‍ തീരുമാനിക്കാനാണ് യോഗം വിളിച്ചത്. ഡിസംബര്‍ 31 ന് മുമ്പ് വാര്‍ഡ് കമ്മിറ്റികള്‍ പുനസംഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. യോഗം ഉള്ളതായി മാധ്യമങ്ങളെയും അറിയിച്ചിരുന്നില്ല.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...