പിന്‍സീറ്റുകാര്‍ക്ക് ഹെല്‍മറ്റ്: ആദ്യം ബോധവല്‍ക്കരണം; ഡിസംബര്‍ ഒന്നുമുതല്‍ നിയമം കര്‍ശനം

helmet-1
SHARE

പിന്‍സീറ്റുകാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുമെങ്കിലും യാത്രക്കാരെ ഉപദ്രവിക്കുന്ന നടപടികള്‍ തുടക്കത്തില്‍ ഉണ്ടാകില്ല. പരാമവധി ബോധവല്‍ക്കരണം നടത്തിയശേഷം പിഴ ഉള്‍പ്പെടെ ഈടാക്കിയാല്‍ മതിയെന്നാണ് ഗതാഗതവകുപ്പിന്റ പൊതുനിലപാട്. പക്ഷെ നിയമം കര്‍ശനമാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ ഉടനിറങ്ങും. 

കേന്ദ്രമോട്ടോര്‍ വാഹന ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്ന സെപ്റ്റംബര്‍ ഒന്നുമുതല്‍ തന്നെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമായിരുന്നു. ഇത് സംബന്ധിച്ച് പരിശോധന കര്‍ശനമാക്കണമെന്ന് ഡി.ജി.പി അന്ന് നിര്‍ദേശവും നല്‍കിയിരുന്നതാണ്. എന്നാല്‍ പിന്‍സീറ്റുകാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമല്ലെന്ന സംസ്ഥാന സര്‍ക്കാര്‍ വിധിക്കെതിരായ ഹര്‍ജി  കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് ഗതാഗതവകുപ്പ് നിയമം കര്‍ശനമാക്കാതിരുന്നത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് വന്നതോടെ ഇനി നിയമം നടപ്പാക്കുന്നത് വൈകില്ല. പക്ഷെ അടുത്ത ദിവസം പിഴ ഈടാക്കില്ല. 

ഹെല്‍മറ്റ് ധരിക്കാത്തവരെ തല്‍ക്കാലം ബോധവല്‍ക്കരിക്കും. ഹെല്‍മറ്റ് ധരിക്കേണ്ടതിന്റ ആവശ്യകത മാധ്യമങ്ങള്‍ വഴി പരമാവധി പ്രചരിപ്പിക്കും. അതിനുശേഷം ഡിസംബര്‍ ഒന്നുമുതല്‍ നിയമം കര്‍ശനമാക്കാനാണ് ആലോചന. ഇതിനിടയില്‍ ഹെല്‍മറ്റ് വാങ്ങാനുള്ള സാവകാശം യാത്രക്കാര്‍ക്ക് ലഭിക്കുമെന്നും ഗതാഗതവകുപ്പ് കരുതുന്നു. ഹൈക്കോടതി ഉത്തരവ് ലഭിച്ചാലുടന്‍ നിയമം കര്‍ശനമാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ ഉടനിറക്കും. അഞ്ഞൂറ് രൂപയായിരിക്കും ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പിഴ. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...