ക്ഷേമപെന്‍ഷന്‍കാരുടെ വിവരങ്ങള്‍ പുതുക്കുന്നതിലെ ദുരിതം പരിഹരിക്കും; വാര്‍ഡ് തിരിച്ച് മസ്റ്ററിങ് നടത്തും

pensioners-mustering-2
SHARE

മസ്റ്ററിങ്ങിന്റെ പേരില്‍ ക്ഷേമപെന്‍ഷന്‍കാര്‍ അനുഭവിക്കുന്ന ദുരിതം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി. ജില്ലകളെ രണ്ട് ക്ലസ്റ്ററുകളായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലായി മസ്റ്ററിങ് നടത്താന്‍ തീരുമാനിച്ചു. സര്‍വര്‍ തകരാറിലാകാതിരിക്കാന്‍ വാര്‍ഡ് തിരിച്ച് മസ്റ്ററിങ് നടത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ക്ഷേമപെന്‍ഷന്‍കാര്‍ മസ്റ്ററിങ്ങിന്റെ പേരില്‍ അനുഭവിക്കുന്ന ദുരിതം മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

അനര്‍ഹരെ ഒഴിവാക്കുന്നതിനായാണ് ക്ഷേമപെന്‍ഷന്‍കാര്‍ അക്ഷയകേന്ദ്രങ്ങളിലെത്തി ഓണ്‍ലൈനായി വിവരങ്ങള്‍ പുതുക്കാന്‍ ധനവകുപ്പ് നിര്‍ദേശിച്ചത്. ഗുണഭോക്താക്കള്‍ കൂട്ടത്തോടെയെത്തിയതോടെ ഇതിനുപയോഗിക്കുന്ന സോഫ്റ്റ് വെയര്‍ തകരാറിലായി. പ്രായമായവരും രോഗികളും കാത്തിരുന്ന് വലഞ്ഞു. ഇതോടെ ഒരു ദിവസത്തേക്ക് മസ്റ്ററിങ് നിര്‍ത്തിവച്ച് സോഫ്റ്റ് വെയര്‍ തകരാര്‍ പരിഹരിക്കാന്‍ ധനവകുപ്പ് തീരുമാനിച്ചു. 

വ്യാഴാഴ്ച മസ്റ്ററിങ് പുനരാരംഭിക്കുമ്പോള്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലുള്ളവരാണ് വിവരം പുതുക്കേണ്ടത്. വെള്ളിയാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലക്കാരും. ഈ ക്രമത്തില്‍ ഡിസംബര്‍ 15 വരെ മസ്റ്ററിങ് തുടരും. അക്ഷയകേന്ദ്രങ്ങളില്‍ എത്തിച്ചേരാനാവാത്ത കിടപ്പുരോഗികളുടെ വീട്ടിലെത്തി ഡിസംബര്‍ 12 മുതല്‍ വിവരം ശേഖരിക്കും. 

വീട്ടില്‍ പെന്‍ഷന് അര്‍ഹരായ കിടപ്പുരോഗികളുണ്ടെങ്കില്‍ വാര്‍ഡ് അംഗത്തെ അറിയിക്കണം. തദ്ദേശപ്രതിനിധിയുടെ നിര്‍ദേശാനുസരണം അക്ഷയകേന്ദ്രത്തിലെ ജീവനക്കാര്‍ വീട്ടിലെത്തി വിവരം രേഖപ്പെടുത്തും. മരിച്ചവരുടെ പേരില്‍ പോലും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മസ്റ്ററിങ് നടത്താനുള്ള തീരുമാനം സര്‍ക്കാരെടുത്തത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...