76 സിആർപിഎഫുകാരുടെ കൂട്ടക്കൊലയിൽ ദീപക്കിന് പങ്ക്; കണ്ടെത്തി പൊലീസ്

maoist-deepak-1
SHARE

ഒന്‍പതു വര്‍ഷം മുന്‍പ് ഛത്തീസ്ഗഡില്‍ 76 സിആര്‍പിഎഫുകാരെ കൂട്ടക്കൊല ചെയ്തതില്‍ മാവോയിസ്റ്റ് നേതാവ് ദീപക്കിന് പങ്ക്. അട്ടപ്പാടി ആനക്കട്ടിയില്‍ നിന്ന് തമിഴ്നാട് പൊലീസിന്റെ പിടിയിലായ ദീപക്കിനെ ചത്തീസ്ഗഡ് പൊലീസ് കോയമ്പത്തൂരിലെത്തി തിരിച്ചറിഞ്ഞു.

രാജ്യത്തെ നടുക്കിയ മാവോയിസ്റ്റ് ആക്രമണങ്ങളിലൊന്നാണ് 2010 ഏപ്രില്‍ ആറിന് ഛത്തീസ്ഗഡിലെ ദന്തേവാഡ മുക്റാന വനത്തില്‍ 76 സിആര്‍പിഎഫുകാരെ കൊലപ്പെടുത്തിയ സംഭവം. ഇതില്‍ പങ്കുണ്ടായിരുന്ന മാവോയിസ്റ്റ് നേതാവാണ് കഴിഞ്ഞദിവസം അട്ടപ്പാടി ആനക്കട്ടിയില്‍ പിടിയിലായ ദീപക്. ഛത്തീസ്ഗഡ് സുക്മ ഡിഎസ്പി മനോജ്കുമാര്‍, ഇന്‍സ്പെക്ടര്‍ സഞ്ജയ് സിങ് എന്നിവര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ചികില്‍സയിലുളള ദീപക്കിനെ തിരിച്ചറിഞ്ഞു. ട്രാന്‍സിറ്റ് വാറണ്ട് മുഖേന ദീപക്കിനെ ഛത്തീസ്ഗഡ് പൊലീസ് കസ്റ്റഡിയിലെടുക്കും. കഴിഞ്ഞ 9 ന് ആനക്കട്ടി വനത്തില്‍ നിന്നാണ് തമിഴ്നാട് സ്പെഷല്‍ ടാക്സ് ഫോഴ്സ് ദീപക്കിനെ പിടികൂടിയത്. തോക്കിന് പുറമേ ബാറ്ററികളും നാല് ഡിറ്റനേറ്ററുകളും 125 ഗ്രാം സ്ഫോടകമിശ്രിതവും വയറുകളും ദീപക്കില്‍ നിന്ന് കണ്ടെടുത്തിരുന്നു.

സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കാനും എകെ 47 തോക്കുകള്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്യാനും വിദഗ്ധനാണ് ദീപക്. കേരളത്തില്‍ ആയുധപരിശീലനത്തിന് എത്തിയ ദീപക് ആന്ധ്ര കര്‍ണാടക സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ആക്രമണങ്ങളിലും പങ്കാളിയാണ്.

കഴിഞ്ഞ മാസം 29 ന് അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിലെ ഏറ്റുമുട്ടലിലും ദീപക്കിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ ദണ്ഡകാരണ്യ മാവോയിസ്റ്റ് ദളത്തിലെ അംഗമാണ് ദീപക്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...