ഡിജിപിയുടെ ഭാര്യ ഗതാഗതക്കുരുക്കിലായി; പൊലീസുകാർക്ക് ശകാരവും ഷോക്കോസും

dgp-wife-3
SHARE

ഡിജിപിയുടെ ഭാര്യ ഗതാഗത കുരുക്കിൽ പെട്ടതിന് പിന്നാലെ തിരുവനന്തപുരത്തെ പൊലീസ് ഉദ്യാഗസ്ഥർക്ക് ഡി.ജി.പിയുടെ ശകാരവും കാരണം കാണിക്കൽ നോട്ടീസും. മൂന്ന് എ.സി.പിമാരടക്കം ആറ് ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയാണ് ഡി.ജി.പി ശകാരിച്ചത്. എന്നാൽ ഗതാഗത കുരുക്കിനെതിരെ വ്യാപക പരാതി ഉയർന്നതോടെയാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.

ഗവർണറുടെ യാത്രക്കായി ഇന്നലെ വൈകിട്ട് വിമാനത്താവളത്തിലേക്കുള്ള റോഡിലും ചാക്ക– കഴക്കൂട്ടം പാതയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത് ഗതാഗതകുരുക്കിനും കാരണമായി. ടെക്നോപാർക്കിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഡി.ജി.പിയുടെ ഭാര്യയും ഈ കുരുക്കിൽ പെട്ടു. ഇതിന് പിന്നാലെ രാത്രി എട്ട് മണിയോടെയാണ് തലസ്ഥാനത്തെ ട്രാഫിക് ചുമതലയുള്ള അസിസ്റ്റന്റ് കമ്മീഷണർമാരായ സുള്‍ഫിക്കര്‍, സുരേഷ്കുമാര്‍ എന്നിവര്‍ക്കും സി.ഐമാരായ രഞ്ജിത്ത്, സുമേഷ് എന്നിവര്‍ക്കും കൺട്രോൾ റൂമിന്റെ ചുമതലയുള്ള എ.സി.പി ഷീന്‍ തറയിലിനും സി.ഐ പൃഥ്വിരാജിനും ഡി.ജി.പിയുടെ ഓഫീസിൽ നിന്ന് വിളിയെത്തിയത്.

പൊലീസ് ആസ്ഥാനത്തെത്തിയ ഉദ്യോഗസ്ഥരെ ഡി.ജി.പി രൂക്ഷമായി ശകാരിച്ചു. മുക്കാൽ മണിക്കൂറോളം നീണ്ട ശകാരത്തിനൊടുവിൽ ഡി.ജി.പി പോയെങ്കിലും ഉദ്യോഗസ്ഥരോട് ഓഫീസിൽ തുടരാൻ നിർദേശിച്ചു. പിന്നീട് കമ്മീഷ്ണർ എം.ആർ. അജിത് കുമാർ സ്ഥലത്തെത്തി. നോർത്ത് ട്രാഫിക് എ.സി.പിയ്ക്കും സി.ഐയ്ക്കും മെമ്മോ യും നൽകിയ ശേഷമാണ് വിഷയം അവസാനിച്ചത്. 

എന്നാൽ ശകാരത്തിലെവിടെയും ഭാര്യ ട്രാഫിക് ബ്ലോക്കിൽ പെട്ട കാര്യം ഡി.ജി.പി ഉന്നയിച്ചില്ല. ഗതാഗത പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തുന്നെന്നായിരുന്നു ആരോപണം. അതെ സമയം ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയത് ട്രാഫിക് പരിഷ്കാരത്തെക്കുറിച്ച് ആലോചിക്കാനാണെന്നും ഇതിനായി ഞായറാഴ്ച പ്രത്യക യോഗം വിളിച്ചിട്ടുണ്ടെന്നുമാണ് വിശദീകരണം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...