അയോധ്യ തര്‍ക്കഭൂമി ക്ഷേത്ര നിര്‍മാണത്തിന്; പള്ളി പണിയാന്‍ പുറത്ത് അ‍ഞ്ചേക്കര്‍

Ayodhya-Vidhi-main
SHARE

അയോധ്യതര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാം, അവകാശം കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന്. മുസ്‌ലിം പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് തര്‍ക്കഭൂമിക്ക് പുറത്ത് അ‍ഞ്ചേക്കര്‍. തര്‍ക്കഭൂമിയില്‍ അവകാശം തെളിയിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ല. രാം ചബൂത്രയിലും സീത രസോയിലും ഹൈന്ദവപൂജ നടത്തിയതിന് തെളിവുണ്ട്. 

ആര്‍ക്കിയോളജിക്കല്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് കോടതി, ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി. നിര്‍മോഹി അഖാഡയുടെ ഹര്‍ജിക്ക് നിയമസാധുതയില്ല, അപ്രസക്തമായി. രാമജന്മഭൂമിക്കല്ല ശ്രീരാമദേവനാണ് നിയമവ്യക്തിത്വം, രാംലല്ലയുടെ വാദം  പ്രസക്തമെന്നും കോടതി പറഞ്ഞു.

അയോധ്യക്കേസില്‍ ഏകകണ്‌ഠനെയാണ് അഞ്ച് ജഡ്ജിമാരും വിധി പറഞ്ഞത്. വിധി ഏകകണ്ഠമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിധി പൂര്‍ണമായി വായിക്കാന്‍ 30 മിനിറ്റ് വേണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കും. വിശ്വാസം അംഗീകരിക്കുമെന്ന് കോടതി പറഞ്ഞു. ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാന്‍ കോടതിക്കാവില്ല. 

 

നിര്‍ണായകനിരീക്ഷണങ്ങള്‍

1. ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാന്‍ കോടതിക്കാവില്ല

2. നിര്‍മോഹി അഖാഡയുടെ ഹര്‍ജി നിലനില്‍ക്കില്ല

3. രാമജന്മഭൂമിക്ക് നിയമവ്യക്തിത്വം ഇല്ല

4. ശ്രീരാമദേവന് നിയമവ്യക്തിത്വം ഉണ്ട്

5. ആര്‍ക്കിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് തള്ളിക്കളയാനാവില്ല

6. ഖനനത്തില്‍ ക്ഷേത്രസ്വഭാവമുള്ള കെട്ടിടാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് ASI റിപ്പോര്‍ട്ട്

7. ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല

8. അയോധ്യ രാമജന്മഭൂമിയെന്നാണ് ഹൈന്ദവവിശ്വാസമെന്ന് ചരിത്രരേഖയും സാക്ഷിമൊഴിയുമുണ്ട്

9. രാം ചബൂത്രയിലും സീത രസോയിലും ഹിന്ദുക്കളുടെ പൂജ ആരും തടഞ്ഞില്ലെന്നതിന് രേഖയുണ്ട്

10. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഉടമസ്ഥത തീരുമാനിക്കാനാവില്ല, രേഖ വേണം

11. പള്ളി നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ മുസ്ലിംകള്‍ക്കായില്ല

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പ്രത്യേക സിറ്റിങ് ചേർന്നാണ് വിധി പറയുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡെ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരായിരുന്നു െബഞ്ചിലെ അംഗങ്ങൾ.

അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി രാംലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നീ മൂന്ന് കക്ഷികൾക്ക് തുല്യമായി വീതിച്ചുനൽകാനുള്ള 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ്  പരിഗണിച്ചത്. 

40 ദിവസം നീണ്ട അന്തിമവാദത്തിന് ശേഷം കഴിഞ്ഞമാസം പതിനാറിനാണ് കേസ് വിധി പറയാൻ മാറ്റിയത്. അതീവ ജാഗ്രതയിലാണ് രാജ്യം. വിധി എന്തുതന്നെയാണെങ്കിലും സൗഹാർദം കാത്തുസൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും സംയമനത്തോടെയുള്ള പ്രതികരണങ്ങളെ കേരളത്തിലുണ്ടാകാവുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആഹ്വാനം ചെയ്തിട്ടുണ്ട്. സുപീം കോടതി പരിസരത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്, കോടതിയിലേക്കുള്ള റോഡുകളെല്ലാം അടച്ചു. രാവിലെ ഏഴരയോടെ തന്നെ മാധ്യമപ്രവര്‍ത്തകരെ സുപ്രീം കോടതിയില്‍ പ്രവേശിപ്പിച്ചു. പതിവിലും നേരത്തെ റജിസ്ട്രാര്‍ എത്തിയതിനെത്തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരെ കടത്തിവിട്ടത്.  വിധി വരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊതുപരിപാടികള്‍ റദ്ദാക്കി. 10.30ന് ബിജെപി നേതൃയോഗവും ചേരും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...