വിധി വിശ്വാസത്തിന് മുൻതൂക്കം നൽകുന്നത്: ഏവർക്കും സ്വീകാര്യം: കുമ്മനം

Kummanam-02
SHARE

അഭ്യൂഹങ്ങളും കിംവതന്തികളും നമ്മെ മുന്നോട്ട് നയിക്കരുതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയുടെ വിധി വിശ്വാസത്തിന് മുൻതൂക്കം നൽകുന്നതാണ്. ഏവർക്കും സ്വീകാര്യമായ വിധിയാണെന്നും കുമ്മനം മാധ്യമങ്ങളോട് പറ‍ഞ്ഞു.

അയോധ്യ വിധിക്കു പിന്നാലെ ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും ആഹ്വാനവുമായി പ്രധാനമന്ത്രിയും ആര്‍എസ്എസും രംഗത്തെത്തി. ആരുടെയും വിജയമോ പരാജയമോ ആയി വിധിയെ കാണരുതെന്നായിരുന്നു ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്‍റെ പ്രതികരണം. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ വിജയമെന്നാണ് പ്രധാനമന്ത്രി വിധിയെ  വിശേഷിപ്പിച്ചത്. 

ചീഫ് ജസ്റ്റിസും സംഘവും സുപ്രീംകോടതിയില്‍ അയോധ്യ വിധി പറയുമ്പോള്‍ കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടന വേദിയിലായിരുന്നു പ്രധാനമന്ത്രി. ഉദ്ഘാടന സമ്മേളനത്തിനു പിന്നാലെ ട്വിറ്ററില്‍ പ്രധാനമന്ത്രിയുടെ പ്രതികരണമെത്തി. ഇന്ത്യന്‍ നിയമവ്യവസ്ഥയിലുളള ജനങ്ങളുടെ വിശ്വാസം ഉയര്‍ത്തുന്ന വിധിയെന്ന് മോദി അയോധ്യ വിധിന്യായത്തെ വിശേഷിപ്പിച്ചു. എത്ര വലിയ തര്‍ക്കവും നിയമവ്യവഥയിലൂടെ പരിഹരിക്കാനാകുമെന്നതിന് തെളിവാണ് അയോധ്യ വിധിയെന്നും പ്രധാനമന്ത്രി കുറിച്ചു. വിധിയോടുളള രാജ്യത്തെ നൂറ്റിമുപ്പത് കോടി ജനങ്ങളുടെ പ്രതികരണം സമാധാനപരമായ സഹവര്‍തിത്വത്തിലൂന്നുന്ന ഇന്ത്യന്‍ പാരമ്പര്യത്തിന്  തെളിവാണെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.

ഐക്യത്തിന്‍റെ സന്ദേശമാണ് ആര്‍എസ്എസ് മേധാവിയില്‍ നിന്നും ഉണ്ടായത്. തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും അവസാനിപ്പിച്ച് എല്ലാവരും ചേര്‍ന്ന് ക്ഷേത്രം നിര്‍മിക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ഹിന്ദുക്കളും മുസ്്ലിംകളും ചേര്‍ന്നാണ്  രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകേണ്ടതെന്നും ആര്‍എസ്എസ് മേധാവി ആഹ്വാനം ചെയ്തു. രാജ്യത്തിന്‍റെയും  അഖണ്ഡതയും സാംസ്കാരിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന വിധിയെന്ന്  ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ട്വിറ്ററില്‍ കുറിച്ചു. പരസ്പര ബഹുമാനത്തിന്‍റെയും ഐക്യത്തിന്‍റെയും പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കണമെന്നു പറഞ്ഞ അമിത് ഷാ, കേസിന്‍റെ നടത്തിപ്പിനായി പരിശ്രമിച്ച സന്യാസി സമൂഹങ്ങളടക്കം എല്ലാവര്‍ക്കും കൃതജഞ്തയുമറിയിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...