പെറ്റമ്മയ്ക്കില്ലാത്ത ആശങ്ക വളര്‍ത്തമ്മയ്ക്കു വേണ്ട; ‘യുഎപിഎ’യില്‍ പി.മോഹനന്‍

alan-taha-p-mohanan-2
SHARE

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട പ്രതികള്‍ക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ല. പൊലീസ് അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ നടപടിക്കില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടിക്ക് അതിന്‍റേതായ സംവിധാനമുണ്ടെന്ന് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പെറ്റമ്മയ്ക്കില്ലാത്ത ആശങ്ക വളര്‍ത്തമ്മയ്ക്ക് വേണ്ടെന്നും പി.മോഹനന്‍ കൂട്ടിച്ചേര്‍ത്തു. മോദി സര്‍ക്കാര്‍ പോലെ കേരളസര്‍ക്കാര്‍ പ്രവര്‍ത്തിക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുറന്നടിച്ചിരുന്നു. 

കോഴിക്കോട് പന്തീരങ്കാവില്‍ രണ്ട് പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ സിപിഎം ഇടപെടില്ല. താഹയ്ക്കും അലനും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന കോഴിക്കോട് ജില്ലാകമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിച്ചാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാടുമാറ്റം. മാവോയിസ്റ്റ് പാര്‍ട്ടി ഭീകരസംഘടനമാത്രമാണെന്നും യുഎപിഎ കേസില്‍ സത്യസന്ധമായ അന്വേഷണം സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും സിപിഎം വാര്‍ത്താക്കുറിപ്പിറക്കി.   

സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തരുതെന്ന മുന്‍ നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞാണ് സംസ്ഥാന സെക്രട്ടേറിയറ്റ്  പൊലീസിനെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പം എത്തിയത്. യുഎപിഎയില്‍ തല്‍ക്കാലം പാര്‍ട്ടി ഇടപെടില്ല. യുഎപിഎ സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതുവരെ കാത്തുനില്‍ക്കാനാണ് ധാരണ. കോഴിക്കോട് ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടും മുഖ്യമന്ത്രിയുടെ വിശദീകരണവും പരിഗണിച്ചാണ് നിലപാടുമാറ്റം. യുഎപിഎയില്‍ അന്വേഷണം സത്യസന്ധമായിരിക്കുമെന്ന് മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ ഉറപ്പ് നല്‍കി. 

താഹയ്ക്കും അലനും മാവോയിസ്റ്റ് ബന്ധമുണ്ടെന്നും സ്ഥിതി ഗുരുതരമാണെന്നുമാണ് ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട്. എന്നാല്‍ ഇരുവര്‍ക്കുമെതിരായ പാര്‍ട്ടി നടപടി ഉടനുണ്ടാകില്ല. ഇടതുസര്‍ക്കാരുകളെ അട്ടിമറിക്കാനാണ് എല്ലാക്കാലത്തും മാവോയിസ്റ്റുകള്‍ ശ്രമിച്ചിട്ടുള്ളതെന്നാരോപിച്ച് സിപിഎം സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. യുഎപിഎ ഫെഡറല്‍ കാഴ്ചപ്പാടിന് എതിരും പൗരാവകാശത്തിനുനേരെയുള്ള കടന്നാക്രമണവുമാണെന്ന് വിശദീകരിച്ച സിപിഎം ജനാധിപത്യകാഴ്ചപ്പാടോടെ നിയമത്തെ സമീപിക്കാനാണ് ശ്രമമെന്നും പറയുന്നു. നാല് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ യുഎപിഎയ്ക്കെതിരാണ് പാര്‍ട്ടി നിലപാട് എന്ന് ചൂണ്ടിക്കാണിച്ചിട്ടും സംസ്ഥാന നേതൃത്വം വഴങ്ങാത്ത അസാധാരണ സാഹചര്യമാണിത്. ദേശീയ തലത്തിലും ഈ നിലപാട് വിശദീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം ബുദ്ധിമുട്ടും. 

ആശയക്കുഴപ്പം ഒഴിവാക്കാന്‍ പാര്‍ട്ടി യുഎ.പി.എയ്ക്ക് എതിരാണെന്ന നിലപാട് കേന്ദ്ര നേതൃത്വം ആവര്‍ത്തിച്ചു. ഇതേസമയം യുഎപിഎ പിന്‍വലിക്കാത്ത സാഹചര്യത്തില്‍ സിപിഐ സര്‍ക്കാരിനെതിരായ നിലപാട് കടുപ്പിച്ചു.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...