കോർപറേഷനെ ഇന്നും വാരിക്കുടഞ്ഞ് കോടതി; വെറുതെ എന്തെങ്കിലും പറയരുത്: മുന്നറിയിപ്പ്

kochi
കൊച്ചിയില്‍ കനത്ത മഴപെയ്തുണ്ടായ ദുരിത കാഴ്ച. ചിത്രം . ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ
SHARE

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് വിഷയത്തില്‍ നഗരസഭയ്ക്കെതിരെ നിശിതവിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന് ദൗത്യസംഘം രൂപീകരിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. വിഷയം ചര്‍ച്ച ചെയ്യുന്നതിന് വെള്ളിയാഴ്ച മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു.  

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് സംബന്ധിച്ച് നഗരസഭയുടെ വാദങ്ങളുടെ മുനയൊടിച്ചായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. വേലിയേറ്റമാണ് വെള്ളക്കെട്ടുണ്ടാക്കിയതെന്നായിരുന്നു നഗരസഭയുടെ വാദം. എന്തും പറയാമെന്ന് കരുതരുതെന്നായി കോടതി. നഗരസഭ ഒഴിവുകഴിവുകള്‍ പറയുന്നത് പ്രശ്നം കൈകാര്യം ചെയ്യാന്‍ അവര്‍ പരാജയപ്പെട്ടു എന്നതിന്‍റെ തെളിവാണെന്ന് കോടതി വിമര്‍ശിച്ചു. ജനങ്ങള്‍ക്കാവശ്യം നടപടിയാണ്. കോടതി ഇടപെട്ടത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ വിവാദങ്ങളുടെ ആവശ്യമില്ല.‌ വെള്ളമൊഴുകി പോകേണ്ട പേരണ്ടൂര്‍ കനാല്‍ സംരക്ഷിക്കാന്‍ നഗരസഭ എന്ത് ചെയ്തുവെന്നും കോടതി ചോദിച്ചു. പേരണ്ടൂര്‍ കനാലിന്‍റെ ഇരുകരകളിലും വേലി കെട്ടിയിട്ടുണ്ടെന്ന് മറുപടി. കനാലിന്‍റെ ഒഴുക്ക് തടസപ്പെടുന്ന തരത്തില്‍ മാലിന്യം നിക്ഷേപിക്കാതിരിക്കേണ്ട ഉത്തരവാദിത്തം ജനങ്ങള്‍ക്കും ഉണ്ടെന്ന് നഗരസഭ കോടതിയില്‍ പറഞ്ഞു.

തിങ്കളാഴ്ചയിലെ വെള്ളക്കെട്ട് നേരിടുന്നതില്‍ കോര്‍പറേഷന്‍ അമ്പേ പരാജയപ്പെട്ടുവെന്നും, ജില്ലാ ഭരണകൂടത്തിന്‍റെ സത്വര ഇടപെടലാണ് പ്രതിസന്ധി പരിഹരിച്ചതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. വെള്ളക്കെട്ട് ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം നടത്തിയ ഇടപെടലുകളെ കോടതി ്പ്രശംസിച്ചു. വെള്ളക്കെട്ട് പ്രശ്നം കൈകാര്യം ചെയ്യാന്‍ നഗരസഭയ്ക്ക് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രത്യേക ദൗത്യസംഘത്തെ നിയമിക്കാന്‍ ഉത്തരവിട്ടത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ നഗരസഭാ സെക്രട്ടറിയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രതിനിധികളും അംഗങ്ങളായിരിക്കും.ജില്ലാ കലക്ടറായിരിക്കും സംഘത്തിന്‍റെ കണ്‍വീനര്‍. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് വിഷയം ചര്‍ച്ച ചെയ്യുന്നതിന് വെള്ളിയാഴ്ച മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ജില്ലാ കലക്ടറും മേയറും അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. കോടതി നിര്‍ദേശപ്രകാരം ദൗത്യസംഘം രൂപീകരിക്കുന്നത് സംബന്ധിച്ചും ഈ യോഗം തീരുമാനമെടുക്കും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...