വിവാദ ഫ്ളാറ്റ് നിർമാതാവിന് ജാമ്യം: തൊടാനാകാതെ ക്രൈംബ്രാഞ്ച്: ഇനി പുതിയ നീക്കം..?

madras-high-court
SHARE

കേരളത്തിന് പുറത്തും ക്രൈംബ്രാഞ്ച് തിരച്ചിൽ തുടരുന്നതിനിടെ മരടിലെ വിവാദ ഫ്ളാറ്റുകൾ നിർമ്മിച്ചവരിൽ പ്രമുഖൻ മദ്രാസ് ഹൈക്കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. ജെയിൻ ഹൗസിങ് കമ്പനി മാനേജിങ് ഡയറക്ടർ സന്ദീപ് മേത്തയെ അടുത്തമാസം പതിനെട്ട് വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നാണ് ഉത്തരവ്. തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയതെന്നും നടപടി പിൻവലിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി തമിഴ്നാട്ടിലെ എജിക്കും ഡിജിപിക്കും കത്തയച്ചു. 

കാടടച്ചുള്ള അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച്. ചട്ടംലംഘിച്ച് ഫ്ളാറ്റ് പണിതവരിൽ ഒരാളെ ആദ്യംതന്നെ അറസ്റ്റ് ചെയ്തു ഞെട്ടിച്ചു. ഇതോടെ ബാക്കിയുള്ളവരെല്ലാം ഒളിവിൽപോയി മുൻകൂർ ജാമ്യത്തിന് പണി തുടങ്ങി. ശക്തമായ എതിർപ്പുമായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘവും കോടതിയിലെത്തി. അങ്ങനെ ആ‍ൽഫാ സെറീൻ ഫ്ളാറ്റുകൾ നിർമിച്ച പോൾ രാജിന്റെ അപേക്ഷയെ എതിർത്ത് തോൽപിച്ച് ഉത്തരവ് വാങ്ങിയത് ഇന്നലെയാണ്. ഇതിനിടെയാണ് മറ്റൊരാൾ അതീവ രഹസ്യമായി മദ്രാസ് ഹൈക്കോടതിയിലേക്ക് നീങ്ങിയത്. അനധികൃത നിർമാണങ്ങളില്‍ ഏറ്റവും വലുതും ചെലവേറിയതുമായ ജെയിൻ കോറൽകോവ് കെട്ടിപ്പൊക്കിയ കമ്പനിയുടെ മാനേജിങ് ഡയറക്ടർ സന്ദീപ് മേത്ത. ഇക്കഴിഞ്ഞ 18ന് ഇരുചെവിയറിയാതെ മേത്ത മുൻകൂർ ജാമ്യം സമ്പാദിച്ചു. ബന്ധപ്പെട്ട കോടതിയെ നേരിട്ട് സമീപിച്ച് വിശദീകരണം അറിയിക്കാൻ പ്രതിക്ക് സാവകാശം നൽകിക്കൊണ്ടുള്ള ഇടക്കാല ജാമ്യമാണ് മദ്രാസ് ഹൈക്കോടതി അനുവദിച്ചിട്ടുള്ളത്. ഇതുപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ള കേരളത്തിലെ കോടതിയിൽ ഇനി വീണ്ടും മേത്ത ജാമ്യാപേക്ഷ സമർപ്പിക്കണം. എന്നാൽ ഇതിന് നാലാഴ്ചയാണ് അനുവദിച്ചിരിക്കുന്നത്. ഫലം അതുവരെ ക്രൈബ്രാഞ്ചിന് പ്രതിയെ തൊടാനാവില്ല.

തിരിച്ചടി തിരിച്ചറിഞ്ഞ അന്വേഷണസംഘം അടിയന്തിര നീക്കങ്ങൾ തുടങ്ങി. അന്വേഷണസംഘത്തിന്റെ വിശദീകരണം കേൾക്കാതെ അനുവദിച്ച ജാമ്യം റദ്ദാക്കി കിട്ടാനാണ് ആദ്യശ്രമം. ഇതിനായി മദ്രാസ് ഹൈക്കോടതിയിലെ അഡ്വക്കറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷൻ എന്നിവർക്ക് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി കത്തയച്ചു. കേസ് രേഖകളും ഫ്ളാറ്റുകൾക്ക് മേൽ നടപടി നിർദേശിച്ചുള്ള സുപ്രീം കോടതി ഉത്തരവും ഉള്ളടക്കം ചെയ്തിട്ടുണ്ട്. ഇതിനെല്ലാം പുറമെ,, വരുന്ന വെള്ളിയാഴ്ച ചീഫ് സെക്രട്ടറി സുപ്രീംകോടതിക്ക് സമർപ്പിക്കുന്ന വിശദീകരണ പത്രികയിൽ ഇക്കാര്യം ഉൾപ്പെടുത്താനും ക്രൈംബ്രാഞ്ച് ആ‌വശ്യപ്പെട്ടിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ നിയമപരമാണോ എന്നതിലേക്ക് സുപ്രീംകോടതിയുടെ ശ്രദ്ധക്ഷണിക്കാനും ഇതിലൂടെ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...