ഫ്ലാറ്റുകൾ പൊളിച്ച് ചരിച്ച് ഇടാന്‍ നോക്കും; മരടുകാർക്ക് ആശങ്ക വേണ്ട: എസ്.ബി.സര്‍വത്തേ

sarvathe
SHARE

മരടിലെ നാല് ഫ്ലാറ്റുകളും പൊളിക്കാന്‍ പ്രത്യേകം രൂപരേഖ തയ്യാറാക്കുമെന്ന് സര്‍ക്കാര്‍ ഉപദേശകനായി കൊച്ചിയില്‍ എത്തുന്ന വിദഗ്ധ എന്‍ജിനിയര്‍ എസ്.ബി.സര്‍വത്തേ മനോരമ ന്യൂസിനോട്. പൊളിക്കുന്ന ഫ്ലാറ്റും അടുത്തുള്ള കെട്ടിടങ്ങളും തമ്മിലുള്ള അകലം പ്രധാനമാണെങ്കിലും പരിസരവാസികള്‍ ആരും ഭയക്കേണ്ടതില്ല. സുരക്ഷിതമായി നാല് ഫ്ലാറ്റുകളും പൊളിച്ചു തീര്‍ക്കും. ഒട്ടേറെ കെട്ടിടങ്ങള്‍ പൊളിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ കെട്ടിടങ്ങള്‍ പൊളിക്കാന്‍ പോകുന്നത് ആദ്യമായാണെന്നും സര്‍വത്തേ പറഞ്ഞു. 

ഫ്ളാറ്റുകള്‍ സ്ഥിതി ചെയ്യുന്ന പരിസരം വിശദമായി പഠിച്ചായിരിക്കും പദ്ധതി തയ്യാറാക്കുക. നാലും പൊളിക്കാന്‍ ഒരേ മാര്‍ഗം സ്വീകരിക്കണമെന്നില്ലെന്ന് എസ്.ബി സര്‍വത്തേ.

ഓരോ അപ്പാര്‍ട്ട്മെന്റുകളും പ്രത്യേകം പരിശോധിക്കും. നാല് കെട്ടിടവും പൊളിക്കാന്‍ ഒരേ രീതി തന്നെ സ്വീകരിക്കണമെന്നില്ല, ഇത് കെട്ടിടത്തിന്റെ രൂപത്തെയും, ബലത്തേയുംമൊക്കെ ആശ്രയിച്ചിരിക്കും. ചുറ്റുമുള്ള ഇടങ്ങളില്‍ നിന്ന് കെട്ടിടത്തിലേക്കുള്ള ദൂരവും പരിഗണിക്കും. എവിടെയെങ്കിലും തുറസായ സ്ഥലം ഉണ്ടെങ്കില്‍ കെട്ടിടം പൊളിച്ച് ചരിച്ച് ഇടാന്‍ സാധിക്കുമോ എന്നും നോക്കും. അതാണ് എളുപ്പം.

കൊച്ചിക്കാര്‍ ശാന്തരായി ഇരിക്കണം. പരിസരവാസികള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല, ഭൂമിക്കടിയിലും പ്രശ്നങ്ങള്‍ ഉണ്ടാവില്ല. ഫ്ലാറ്റുകള്‍ പൊളിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ തെറിച്ചുപോവുകയാണെങ്കില്‍, കെട്ടിടം ടാര്‍പോളിന്‍വച്ച് മറയ്ക്കും. സ്ഫോടനം നിയന്ത്രിതമായിരിക്കും.

പത്ത് മീറ്റര്‍ മാത്രമാണ് ചുറ്റുമുള്ള കെട്ടിടങ്ങളിലേക്കുള്ള അകലം എങ്കില്‍ നാശനഷ്ടം ഉണ്ടാകും . ഇത് സര്‍ക്കാരിനെ ബോധിപ്പികും എന്നും സര്‍വാത്തേ പറയുന്നു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇരുന്നൂറിലേറെ കെട്ടിടങ്ങള്‍ പൊളിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടിയ സര്‍വത്തേ ദക്ഷിണേന്ത്യയില്‍  പൊളിക്കാനായി എത്തുന്നത് ഇത് ആദ്യമാണ്. ഇതിനൊപ്പം ഒരു വെല്ലുവിളിയും സര്‍വത്തേ മനോരമ ന്യൂസുമായി പങ്കുവച്ചു.

  സര്‍വത്തേ ഇന്ന് കൊച്ചിയിലെത്തും. നാളെ സര്‍ക്കാരുമായും പൊളിക്കല്‍ കമ്പനികളുമായും ചര്‍ച്ചനടത്തും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...