റോയിയെ കൊല്ലാൻ ജോളിക്ക് നാലു കാരണങ്ങൾ; അക്കമിട്ട് നിരത്തി പൊലീസ്

roy-jolly
SHARE

റോയ് തോമസിന്റെ കൊലയ്ക്ക് പിന്നില്‍ നാലുകാരണങ്ങളെന്ന് പൊലീസ്. റോയിയുടെ മദ്യപാനശീലവും അന്ധവിശ്വാസങ്ങളിലും ജോളിക്ക് എതിര്‍പ്പുണ്ടായിരുന്നു. ജോളി തന്റെ അവിഹിതബന്ധങ്ങള്‍ മറയ്ക്കാന്‍ കൊലപാതകം മാര്‍ഗമായി കണ്ടു. സ്ഥിരവരുമാനം ഉളളയാളെ വിവാഹം കഴിക്കാനും ജോളി ലക്ഷ്യമിട്ടെന്നും പൊലീസ്. കസ്റ്റഡി അപേക്ഷയിലാണ് പൊലീസ് കാരണങ്ങള്‍ പരാമര്‍ശിക്കുന്നത്. 

അതേസമയം കൊലക്കേസില്‍ ജോളിയേയും മറ്റ് രണ്ട് പ്രതികളേയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പൊലീസ് പത്തുദിവസം കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും താമരശേരി കോടതി ആറുദിവസമേ അനുവദിച്ചുള്ളു. പ്രതികളെ ചോദ്യം ചെയ്തശേഷം കൂടത്തായിയില്‍ തെളിവെടുപ്പിനെത്തിക്കും.  

രാവിലെ 10 മണിക്കാണ് കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് ജോളിയേയും മാത്യുവിനേയും പ്രജികുമാറിനേയും താമരശേരി കോടതിയിലേക്ക് കൊണ്ടുപോയത്. ജയിലില്‍ നിന്നിറക്കുമ്പോള്‍ ജോളിയും മാത്യുവും നിശബ്ദരായിരുന്നു. എന്നാല്‍ പ്രജികുമാര്‍ മാത്യുവിനെ പഴിപറഞ്ഞു.

പത്തേമുക്കാലോടെ ജോളിയേയും പ്രജികുമാറിനേയും മാത്യുവിനേയും താമരശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെത്തിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തിന് നടുവിലേക്കാണ് പൊലീസ് വാഹനങ്ങള്‍ എത്തിയത്. പൊലീസ് പ്രതികളെ 10 ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ആറുദിവസമേ അനുവദിച്ചുള്ളു. 

ജോളിക്കുവേണ്ടി ഹാജരാകാന്‍ അഡ്വക്കേറ്റ് ബി.എ.ആളൂരിന്റെ സഹായികള്‍ വക്കാലത്ത് ഒപ്പിട്ടുവാങ്ങി. താമരശേരിയില്‍ നിന്ന് കൊയിലാണ്ടി ആശുപത്രിയില്‍ എത്തിച്ച പ്രതികളെ വൈദ്യപരിശോധനയ്ക്കുശേഷം വടകര റൂറല്‍ എസ്.പി. ഓഫീസിലേക്ക് കൊണ്ടുപോയി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...