ഹോട്ടല്‍ മുറികളുടെ ജിഎസ്ടി നിരക്ക് കുറച്ചു, വാടക കുറയും

gst
SHARE

ഹോട്ടല്‍ മുറികളുടെ ജിഎസ്ടി നിരക്ക് കുറച്ചു. മുറികളുടെ വാടക കുറയും. 7500 രൂപയ്ക്ക് മുകളില്‍ വാടകയുള്ളവയുടെ നിരക്ക്  28ല്‍ നിന്ന്  18 ശതമാനമാക്കി . 7500 രൂപയില്‍ താഴെയുളളവയ്ക്ക്  18ല്‍ നിന്ന് 12 ശതമാനമാക്കി. 

സാമ്പത്തിക ഉത്തേജന നടപടികളുടെ തുടര്‍ച്ചയായി ഇന്ത്യന്‍ കമ്പനികളുടെയും പുതിയ നിര്‍മാണ കമ്പനികളുടെയും കോര്‍പ്പറേറ്റ് നികുതിയും നേരത്തെ കുറച്ചിരുന്നു. ഒരു ലക്ഷത്തി നാല്‍പത്തയ്യായിരം കോടി (1.45 ലക്ഷം കോടി ) രൂപയുടെ ആനുകൂല്യമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. ചരിത്രപരമായ തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധീരമായ നീക്കമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസും പ്രതികരിച്ചു.

ആഭ്യന്തര കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി. സര്‍ചാര്‍ജും സെസും ചേരുമ്പോള്‍ 25.17 ശതമാനമാകും. നേരത്തെ 30 ശതമാനമായിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി അടുത്തമാസം ഒന്നുമുതല്‍ തുടങ്ങുന്ന നിര്‍മാണ കമ്പനികള്‍ 2023 മാര്‍ച്ച് 31വരെ 15 ശതമാനം നികുതി അടച്ചാല്‍ മതി. സെസും സര്‍ചാര്‍ജും ചേരുമ്പോള്‍ നികുതി 17.01 ശതമാനമാകും. ഈ കമ്പനികള്‍ മിനിമം ഒാള്‍ട്ടര്‍നേറ്റ് ടാക്സ് നല്‍കേണ്ടതില്ല. 

സര്‍ക്കാര്‍ സര്‍വകലാശാലകളിലും െഎ.െഎ.ടികളിലും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലും സിഎസ്ആര്‍ ഫണ്ട് ചെലവഴിക്കാം. മിനിമം ഒാള്‍ട്ടര്‍നേറ്റ് ടാക്സ് 18.5 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി. ഒാഹരികള്‍ തിരികെ വാങ്ങാനുള്ള പ്രഖ്യാപനം 2019 ജൂലൈ അഞ്ചിന് മുന്‍പ് നടത്തിയിട്ടുള്ള ലിസ്റ്റഡ് കമ്പനികള്‍ തിരികെ വാങ്ങുന്ന ഒാഹരികള്‍ക്ക് നികുതി നല്‍കേണ്ടതില്ല. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ മൂലധന നേട്ടത്തിന്മേലുള്ള സൂപ്പര്‍ റിച്ച് നികുതിയും ഒഴിവാക്കി. നികുതി ഭേദഗതിക്ക് ഒാര്‍ഡനന്‍സ് കൊണ്ടുവരുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. വ്യവസായ വളര്‍ച്ചയ്ക്കും സാമ്പത്തിക മുന്നേറ്റത്തിനും സാധ്യമായ എല്ലാ വഴികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...