വെടിനിർത്തൽ കരാർ ലംഘിച്ചത് 2050 തവണ; പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

modi-imran-2
SHARE

അതിര്‍ത്തിയിലെ തുടര്‍ച്ചയായ പ്രകോപനങ്ങള്‍ക്ക് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. യുദ്ധത്തില്‍ തോല്‍ക്കും മുന്‍പ് ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണിയുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തുവന്നു. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൂസ്റ്റണില്‍ നല്‍കുന്ന സ്വീകരണത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടുണ്ട്.

പരമ്പരാഗത യുദ്ധത്തില്‍ ഇന്ത്യയോട് തോറ്റേക്കാം എന്നാല്‍ ആണവായുധം കൈവശമുള്ള പാക്കിസ്ഥാന്‍ അവസാന പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ അനന്തഫലം ഭീകരമായിരിക്കുമെന്ന് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് പിന്‍വലിക്കാതെ ഇന്ത്യയുമായി ചര്‍ച്ചയ്ക്കില്ല. വാണിജ്യതാല്‍പര്യങ്ങളാണ് ലോകരാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കാന്‍ കാരണമെന്ന് ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. അതിര്‍ത്തിയില്‍ ഇന്ത്യയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം പാക്കിസ്ഥാന്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 

ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി പാക്കിസ്ഥാന്‍ പ്രതിഷേധം അറിയിച്ചു. എന്നാല്‍ പാക്കിസ്ഥാനാണ് പ്രകോപനം തുടരുന്നതെന്നും ഇന്ത്യന്‍ സൈന്യം പരമാവധി സംയമനം പാലിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഈ വര്‍ഷം ഇതുവരെ പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്നും 2,050 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുണ്ടായി. 21 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഈ മാസം 27നാണ് മോദിയും ഇമ്രാന്‍ ഖാനും യുഎന്‍ പൊതുസഭയില്‍ സംസാരിക്കുന്നത്. 

അമേരിക്കയില്‍ ഇമ്രാന്‍ ഖാന്‍ വിദേശമാധ്യമങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍ ലോകനേതാക്കളെ കണ്ട് നിലപാട് വിശദീകരിക്കാനാണ് മോദിയുടെ നീക്കം. ഹൂസ്റ്റണില്‍ മോദിക്ക് നല്‍കുന്ന സ്വീകരണത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പങ്കെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. ട്രംപ് എത്തിയാല്‍ അത് ഇന്ത്യയ്ക്ക് നയതന്ത്ര നേട്ടമാകും. അതേസമയം, കശ്മീരില്‍ കരുതല്‍ തടങ്കലിലുള്ള നേതാക്കളെ ഉടന്‍ വിട്ടയച്ചേക്കില്ലെന്നാണ് സൂചന.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...