മരടില്‍ നിയമം ലംഘിച്ചത് നിര്‍മാതാക്കൾ; കോടതി വിധി നടപ്പാക്കണം: കാനം

Kanam-01
SHARE

മരടില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് സിപിെഎ സംസ്ഥാന സെക്രട്ടരി കാനം രാജേന്ദ്രന്‍.നിയമം ലംഘിച്ച് ഫ്ലാറ്റ് കെട്ടിയത് ഫ്ലാറ്റ് നിര്‍മാതാക്കളാണ്. അവരെ സംരക്ഷിക്കാന്‍ സിപിഐ കൂട്ടുനില്‍ക്കില്ല. 

എന്നാലും ഫ്ലാറ്റ്  ഉടമകളുടെ പ്രശ്നം മനസിലാക്കുന്നു. പ്രശ്നപരിഹാരം സര്‍വകക്ഷിയോഗം ആലോചിക്കുമെന്നും കാനം രാജേന്ദ്രന്‍ കോട്ടയത്തുപറഞ്ഞു. 

അതിനിടെ മരട് ഫ്ലാറ്റ് പ്രശ്നത്തില്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു. ചൊവ്വാഴ്ചയാണ് സര്‍വകക്ഷിയോഗം.

മരടിലെ ഫ്ളാറ്റുകളിൽനിന്ന് താമസക്കാർ ഒഴിയാനുളള  സമയപരിധി ഇന്ന് അവസാനിക്കുമെന്നിരിക്കെ പുനരധിവാസമടക്കമുള്ള കാര്യങ്ങളിൽ ഇരുട്ടിൽത്തപ്പി നഗരസഭ. ജില്ലാഭരണകൂടവുമായി ഇക്കാര്യങ്ങളിൽ ഏകോപനംനടത്താനും നഗരസഭയ്ക്കായിട്ടില്ല. അനിശ്ചിതത്വം തുടരുന്നതിനിടെ  കൈമാറിയ  ഫ്ളാറ്റുകളിൽ ഉത്തരവാദിത്തമില്ലെന്ന് കാണിച്ച് ആൽഫ ഫ്ളാറ്റിന്റെ നിർമാതാക്കൾ നഗരസഭയ്ക്ക് കത്ത് നൽകി. പ്രശ്നപരിഹാരത്തിന് മൂന്നിന നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു.

ഇന്ന് സമയപരിധി അവസാനിക്കുമെങ്കിലും ഇറങ്ങിപ്പോകില്ലെന്ന് ഫ്ളാറ്റ് ഉടമകൾ വ്യക്തമാക്കി കഴിഞ്ഞു. ഉടമകൾ ഒഴിഞ്ഞാലും അവരെ മാറ്റിപ്പാർപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ  മരട് നഗരസഭയ്ക്ക് മറുപടിയില്ല. നഗരസഭയ്ക്ക് വ്യക്തതയില്ലാത്ത കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. ഇതിനിടെയാണ് ആൽഫ ഫ്ളാറ്റിന്റെ നിർമാതാക്കൾ ഇപ്പോഴത്തെ പ്രശ്നത്തിൽ ഉത്തരവാദിത്തമില്ലെന്ന് കാണിച്ച് നഗരസഭയ്ക്ക് കത്ത് നൽകിയതും. എന്നാൽ അങ്ങനെ നിർമാതാക്കൾക്ക് ഒഴിഞ്ഞു മാറാനാകില്ലെന്ന് ഫ്ളാറ്റ് ഉടമകളും തുറന്നടിച്ചു. 

സിപിഎം നേതാവ് പി.കെ.ശ്രീമതിയും പി.സി.തോമസും ഇന്ന് ഫ്ളാറ്റ് ഉടമകളെ സന്ദർശിച്ച് പിന്തുണയറിയിച്ചു. ഒഴിയാനുള്ള സമയപരിധി ഇന്ന് അവസാനിക്കുമ്പോൾ നാളെ എന്ത് സംഭവിക്കുമെന്നത് കാത്തിരുന്നുതന്നെ കാണണം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...