ഒഴിയില്ലെന്നുറച്ച് ഫ്ലാറ്റുടമകള്‍; പ്രതിസന്ധി രൂക്ഷം; നടപടികളുമായി നഗരസഭ

maradu-flat-4
SHARE

കൊച്ചി മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച പ്രതിസന്ധി രൂക്ഷമാകുന്നു. ബലപ്രയോഗത്തിലൂടെയല്ലാതെ ഒഴിപ്പിക്കാനാകില്ലെന്ന തരത്തിലേക്ക് നിലപാട് കടുപ്പിക്കുകയാണ് ഫ്‌ളാറ്റ് ഉടമകള്‍. മൂന്നുദിവസം മാത്രം അവശേഷിക്കെ, ഇതിനെ എങ്ങനെ നേരിടുമെന്ന കാര്യത്തില്‍ ആര്‍ക്കും ധാരണയില്ല. എതിര്‍പ്പ് രൂക്ഷമാകുമ്പോഴും ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള ടെന്‍ഡര്‍ അടക്കമുള്ള കാര്യങ്ങളുമായി നഗരസഭയും ജില്ലാഭരണകൂടവും മുന്നോട്ട് പോകുകയാണ്.

തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ ഈ മാസം ഇരുപതിനകം പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീംകോടതി ഉത്തരവ്. അതുകൊണ്ടുതന്നെ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കുകയല്ലാതെ സര്‍ക്കാരിനും നഗരസഭക്കും പോംവഴിയില്ല. കേവലം അഞ്ച് ദിവസത്തിനകം ഒഴിയാന്‍ നിര്‍ദേശിച്ച് ചൊവ്വാഴ്ച നോട്ടീസ് നല്‍കിയത് ഈ പശ്ചാത്തലത്തിലാണ്. എന്നാല്‍ ആ നടപടിയോടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുകയാണ്.

പ്രതിഷേധം ശക്തമാക്കി ഫ്ളാറ്റുടമകള്‍ രംഗത്തെത്തി. പൊതുസമൂഹത്തില്‍നിന്നും രാഷ്ട്രീയ നേതൃത്വത്തില്‍നിന്നുമടക്കം കൂടുതല്‍ പിന്തുണ സമാഹരിക്കാനും വഴികളൊരുങ്ങുന്നുണ്ട്. ഓണദിനത്തില്‍ കെട്ടിയ സമരപ്പന്തലിലെ ഈ പങ്കാളിത്തം അതിന് തെളിവാണ്. ഇതിനൊപ്പമാണ് ഒഴിപ്പിക്കലിനെ ചെറുക്കാന്‍ മുന്നിട്ടിറങ്ങുമെന്ന് ഫ്ലാറ്റ് ഉടമകള്‍ നിലപാട് കടുപ്പിക്കുന്നത്. പൊളിക്കാന്‍ വരുന്നവരെ പരിസരത്തേക്ക് അടുപ്പിക്കില്ല എന്നാണ് പ്രഖ്യാപനം.

ഇതോടെ ബലപ്രയോഗം വേണ്ടിവരുമെന്ന് ഉറപ്പായിരിക്കുകയാണ്. താമസക്കാര്‍ കുടുംബസമേതം ചെറുത്തുനില്‍പിന് ശ്രമിച്ചാല്‍ എന്താകുമെന്ന കാര്യത്തില്‍ ആര്‍ക്കും ധാരണയില്ല. ഫാക്ടിന്റെ ക്വാട്ടേഴ്സുകളിലേക്ക് താമസക്കാരെ മാറ്റുമെന്നാണ് ജില്ലാ ഭരണകൂടം ഇപ്പോഴും പറയുന്നത്. പൊളിക്കാനുള്ള ഏജന്‍സിയെ കണ്ടെത്താന്‍ ടെന്‍ഡര്‍ നടപടികള്‍ക്കുള്ള ശ്രമത്തിലുമാണ് മരട് നഗരസഭ. ഇതടക്കമുള്ള കാര്യങ്ങള്‍ക്കായി കലക്ടറുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...