നിർണായക സന്ധികളിൽ പാർട്ടിക്ക് നിയമ കവചം; തലപ്പൊക്കമേറിയ അഭിഭാഷകൻ

arun-web
SHARE

അഭിഭാഷകനെന്ന നിലയിലും തന്‍റേതായ മുദ്രപതിപ്പിച്ചാണ് അരുണ്‍ ജയ്റ്റ്ലി വിടവാങ്ങുന്നത്. രാഷ്ട്രീയ ജീവിതത്തിലെ പടിപടിയായുള്ള ഉയര്‍ച്ചയില്‍ നിയമരംഗത്തെ വൈദഗ്ധ്യവും ജെയ്റ്റ്ലിക്ക് തുണയായി. അച്ഛന്‍ മഹാരാജ് കിഷന്‍ ജയ്റ്റ്ലിയുടെ പാത പിന്തുടര്‍ന്ന് അഭിഭാഷകനായ ജയ്റ്റ്ലി ബൊഫോഴ്സ് അഴിമതിയുമായി ബന്ധപ്പെട്ട കേസുകളിലാണ് ശ്രദ്ധേയനാകുന്നത്. മുപ്പത്തിയേഴാം വയസ്സില്‍ രാജ്യത്തിന്‍റെ സോളിസിറ്റര്‍ ജനറലായി അവരോധിക്കപ്പെടുന്നതിലേക്കും ഇത് വഴിതെളിച്ചു.  

പഠനകാലത്ത് ശരാശരി വിദ്യാര്‍ഥിയായിരുന്നെങ്കിലും സംവാദപ്രിയനായിരുന്നു അരുണ്‍ ജയ്റ്റ്ലി. ഈ മിടുക്കാണ് അഭിഭാഷക ജീവിതത്തിലും രാഷ്ട്രീയത്തിലും ജയ്റ്റ്ലിയെ ശക്തനാക്കിയത്. ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദം. 1979ല്‍ ഡല്‍ഹി തീസ്ഹസാരി കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. ഡല്‍ഹി കോര്‍പ്പറേഷനും ഡല്‍ഹി വികസന കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കേസുകളുകളിലായിരുന്നു തുടക്കം. 1980ല്‍, പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ താല്‍പര്യപ്രകാരം ഇന്ത്യന്‍ എക്സ്പ്രസ് കെട്ടിടം ഒഴിപ്പിക്കാനുള്ള ഡി.ഡി.എയുടെ നീക്കത്തിന് സ്റ്റേ വാങ്ങിക്കൊടുത്തത് അഭിഭാഷ മികവ് പുറംലോകത്തേക്കെത്തിച്ചു.

  ഡല്‍ഹി ഹൈക്കോടതിയിലേക്കും സുപ്രീംകോടതിയിലേക്കും പ്രാക്ടീസ്  മാറ്റിയതോടെ ബി.ജെ.പിയുടെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധത്തിന് വഴിതുറന്നു. മുതിര്‍ന്ന അഭിഭാഷകനും ബി.െജ.പി നേതാവുമായിരുന്ന രാം ജഠ്മലാനിക്കൊപ്പം പരമോന്നത കോടതിയില്‍ നിരവധി രാഷ്ട്രീയപ്രാധാന്യമുള്ള കേസുകളില്‍ ജയ്റ്റ്ലി പങ്കാളിയായി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ ബൊഫോഴ്സ് അഴിമതിയുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളായിരുന്നു അവയില്‍ പ്രധാനം. ഇതിന് നന്ദിയായി വി.പി സിങ് സര്‍ക്കാര്‍ ജെയ്റ്റിലിയെ സോളിസിറ്റര്‍ ജനറലായി നിയമിച്ചപ്പോള്‍ 37 വയസ്സുള്ള ജൂനിയര്‍ അഭിഭാഷകന്‍ മാത്രമായിരുന്നു.

  ഡല്ഹി ഹൈക്കോടതി പ്രത്യേക സിറ്റിംഗ് ചേര്‍ന്ന് ജയ്റ്റ്ലിക്ക് സീനിയര്‍ അഭിഭാഷകപട്ടം നല്‍കി.  ബൊഫോഴ്സ് അഴിമതി അന്വേഷിക്കാന്‍ സ്വീഡനിലേക്ക് പോയ ഉന്നതതലസമിതിയെ നയിച്ചത് ജയ്റ്റ്ലിയായിരുന്നു. വി.പി സിങ് സര്‍ക്കാരിന്‍റെ തകര്‍ച്ചയ്ക്ക് ശേഷം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സജീവമായെങ്കിലും ബി.ജെ.പിയുടെ നിയമ ബുദ്ധികേന്ദ്രമായി ജയ്റ്റ്ലി തുടര്‍ന്നു. ബാബ്റി മസ്ജിദ് തകര്‍ത്ത കേസുകളിലും ഹവാല കുംഭകോണക്കേസിലും ബി.െജ.പി നേതാവ് എല്‍.കെ അഡ്വാനിക്ക് നിയമകവചമൊരുക്കി. ഈ സേവനങ്ങള്‍ 1999ലെ വാജ്പേയി മന്ത്രിസഭയില്‍ ജെയ്റ്റിലിയെ നിയമമന്ത്രിയാക്കി. നിര്‍ണായക സന്ധികളില്‍ വഴികാട്ടിയാകുന്ന നിയമോപദേശങ്ങള്‍കൂടിയാണ് ജെയ്റ്റിലിയുടെ വിയോഗത്തോടെ ബി.ജെ.പിക്കും സര്‍ക്കാരിനും നഷ്ടമാവുക.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...