കാരക്കോണം മെഡിക്കല്‍ പ്രവേശനതട്ടിപ്പ്; 3 പേർക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ശുപാര്‍ശ

karakonam-medical-college
SHARE

കാരക്കോണം മെഡിക്കല്‍ പ്രവേശനതട്ടിപ്പില്‍ സി.എസ്.ഐ ദക്ഷിണകേരള മഹാ ഇടവക ബിഷപ്പ് ഡോ.ധര്‍മരാജ് റസാലം ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. സി.എം.എസ് ആംഗ്ലിക്കന്‍ ബിഷപ്പ് നല്‍കുന്ന വ്യാജ സമുദായസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അനര്‍ഹര്‍ പ്രവേശനം നേടുന്നെന്ന വാര്‍ത്ത മനോരമ ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.

എംബിബിഎസ് പ്രവേശനത്തിന് പണം വാങ്ങി കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജ് മാനേജ്മെന്റ് വഞ്ചിച്ചെന്നു കാണിച്ച് 24 വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായുള്ള പ്രവേശനമേല്‍നോട്ടസമിതിയുടെ നടപടി. വിദ്യാര്‍ഥികളില്‍ നിന്ന് പണം വാങ്ങിയെന്ന കാര്യം മാനേജ്മെന്റ് സമ്മതിച്ചിരുന്നു. എന്നാല്‍ ഇത് കടമായി വാങ്ങിയതാണെന്നും തലവരിപ്പണം അല്ലെന്നുമായിരുന്നു വാദം. വാങ്ങിയത് തലവരിപ്പണമാണോയെന്ന് രാജേന്ദ്രബാബു കമ്മിറ്റിയും ഉറപ്പിച്ച് പറയുന്നില്ല. വിദ്യാര്‍ഥികളില്‍ നിന്ന് വന്‍തോതില്‍ പണം വാങ്ങി സൂക്ഷിക്കുന്നത് ഉചിതമല്ലെന്ന് കമ്മിറ്റി നിരീക്ഷിച്ചു. മിക്കവരും പണം നല്‍കിയത് ബെന്നെറ്റ് ഏബ്രഹാമിന്റെ നിര്‍ദേശപ്രകാരമാണെന്നും കണ്ടെത്തി. 

വ്യാജസമുദായസര്‍ട്ടിഫിക്കറ്റ് വച്ച് വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്ന വാര്‍ത്ത മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. ഇങ്ങനെ അനധികൃതമായി നടന്ന പ്രവേശനമെല്ലാം ഹൈക്കോടതി റദ്ദാക്കി.  ഇവരില്‍ പലരും തമിഴ്നാട്ടുകാരാണ്. കേരളീയര്‍ അല്ലാത്ത  വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കിയത് സ്വാശ്രയ നിയമവിരുദ്ധമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ബിഷപ്പിനും ബെന്നറ്റിനും തങ്കരാജിനും എതിരെ ക്രിമിനല്‍ നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ കമ്മിറ്റി ശുപാര്‍ശ നല്‍കിയത്. പണം തിരികെവാങ്ങി നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു.   

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...