ശ്രീറാമിന്റെ ലൈസന്‍സ് റദ്ദാക്കുന്നതില്‍ ഉടന്‍ നടപടി, മന്ത്രി റിപ്പോർട്ട് തേടി

sriram-minister
SHARE

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ ലൈസന്‍സ് റദ്ദാക്കുന്നതില്‍ ഉടന്‍ നടപടിയെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. ഗതാഗത കമ്മിഷണറോട് റിപ്പോര്‍ട്ട് തേടി.  കാലതാമസമുണ്ടായതിന്‍റെ കാരണം പരിശോധിക്കുമെന്ന് മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു

അപകടമുണ്ടാക്കിയ വാഹനം പരിശോധിക്കാനായാല്‍ ശ്രീറാം വെങ്കിട്ടരാമന്റ ലൈസന്‍സ് ഇന്നുതന്നെ സസ്പെന്‍ഡ് ചെയ്യുമെന്ന് തിരുവനന്തപുരം ആര്‍.ടി.ഒ. ശ്രീറാമിന്റ മറുപടിക്കായി ഇനി കാത്ത് നില്‍ക്കുന്നില്ല. വാഹനം പരിശോധിക്കാന്‍ വൈകിയതും നോട്ടീസ് നേരിട്ട് നല്‍കാന്‍ കഴിയാതിരുന്നതുമാണ് നടപടി വൈകാന്‍ കാരണം. നിയമവശങ്ങള്‍ പരിശോധിച്ചശേഷമേ വഫയുടെ ലൈസന്‍സ് റദ്ദാക്കാന്‍ കഴിയുകയുള്ളുവെന്നും അമിതവേഗത്തിന് അവര്‍ പിഴയടച്ചിട്ടുണ്ടെന്നും ആര്‍.ടി.ഒ പറഞ്ഞു.  

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസില്‍ ശ്രീറാമിന്റേയും വഫ ഫിറോസിന്റേയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാതെ മോട്ടോര്‍വാഹനവകുപ്പ് ഒത്തുകളിക്കുന്ന വാർത്ത മനോരമ ന്യൂസ് പുറത്തു വിട്ടിരുന്നു. വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ലെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ഇതുവരെ നേരിട്ട് നോട്ടീസ് കൈപ്പറ്റിയിട്ടില്ലന്നുമാണ് മോട്ടോര്‍ വാഹനവകുപ്പിന്റ വിശദീകരണം. അപകടമുണ്ടാക്കിയ വാഹനം പരിശോധിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടത് വൈകിയതുകൊണ്ടാണ് നടപടികള്‍ നീളുന്നതെന്നും ഉദ്യോഗസ്ഥര്‍ വാദിക്കുന്നു. 

17 ദിവസത്തിനുശേഷം മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത് ഇങ്ങനെ. തുടര്‍ച്ചയായ നിയമലംഘനമുണ്ടെങ്കിലേ ലൈസന്‍സ് റദ്ദാക്കാനാകു. ഇത് ഒറ്റപ്പെട്ട സംഭവമായതിനാല്‍ ശ്രീറാമിന്റ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനേ പറ്റൂ. സസ്പെന്‍ഡ് ചെയ്യണമെങ്കില്‍ ശ്രീറാമിന്റ വാദം കൂടി കേള്‍ക്കണം. ഇതിനായി നോട്ടീസ് നല്‍കിയെങ്കിലും പേഴ്സണല്‍ സ്റ്റാഫ് എന്ന പേരില്‍ മറ്റൊരാളാണ് കൈപ്പറ്റിയത്.  മറുപടി കിട്ടിയിട്ടില്ല. തരുന്നില്ലെങ്കില്‍ വീണ്ടും നോട്ടീസ് നല്‍കും. വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ല. വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് പോയെങ്കിലും കാണാനായില്ല. 

രണ്ടുപേരില്‍ നിന്നും വിശദീകരണം കിട്ടാതെ നടപടിയെടുക്കാനാകില്ല. മാത്രമല്ല അപകടമുണ്ടാക്കിയ വാഹനം പരിശോധിച്ചതിന്റ റിപ്പോര്‍ട്ടും വേണം. വാഹനം പരിശോധിക്കാനായി പൊലീസ് മോട്ടോര്‍ വാഹനവകുപ്പിന് അപേക്ഷ നല്‍കിയത് മൂന്നുദിവസം മുമ്പാണ്. പരിശോധന റിപ്പോര്‍ട്ടും ശ്രീറാമിന്റ മറുപടിയും ചേര്‍ത്ത് ശ്രീറാം ലൈസന്‍സെടുത്ത മട്ടാഞ്ചേരി ജോയിന്റ് ആര്‍.ടി ഒാഫീസിലേക്ക് അയച്ചുകൊടുക്കും. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യേണ്ടത് അവിടെയാണ്. എന്നാല്‍ സംഭവം എവിടെയാണോ നടന്നത്  അവിടെയാണ് സസ്െപന്‍ഡ് ചെയ്യേണ്ടതെന്നാണ് മട്ടാഞ്ചേരി ജോയിന്റ് ആര്‍.ടി.ഒ പറയുന്നത്. 

സാധാരണക്കാരന്‍ മദ്യപിച്ച് വാഹനമൊടിച്ചാല്‍ പോലും ഉടനടി ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ശ്രീറാം വെങ്കിട്ടരാമന്റ മുന്നില്‍ മുട്ടുവിറച്ച് നില്‍ക്കുന്നത്. ഒറ്റക്കാരണമേയുള്ളു. പൊലീസിലെപ്പോലെ ഇവിടെയും രണ്ടുനീതിയാണ്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...