ഇഷ്ടമുള്ളത് ചെയ്തോളൂ; പുനസംഘടനയിൽ ഉടക്കി കെ. മുരളീധരന്റെ കത്ത്

muralidharan-letter
SHARE

കെപിസിസി പുനഃസംഘടനയില്‍ എതിര്‍പ്പറിയിച്ച് കെ. മുരളീധരന്‍. ഇഷ്ടമുള്ളത് ചെയ്തോളൂവെന്ന് കെപിസിസി നേതൃത്വത്തിന് കത്ത് നല്‍കി. ചിലര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു. തലപ്പത്ത് ജനപ്രതിനിധികളെ കുത്തിനിറയ്ക്കാന്‍ നീക്കം നടക്കുന്നെന്നും കത്തിൽ പറയുന്നു. 

ഒരാള്‍ക്ക് ഒരു പദവിയെന്ന വാദത്തില്‍ തട്ടി കെ.പി.സി.സി പുനഃസംഘടന അനശ്ചിതത്വത്തിലായിരിക്കയാണ്‍. എം.പിമാരേയും എം.എല്‍.എമാരേയും പാര്‍ട്ടി ഭാരവാഹികളാക്കുന്നതിനെതിരെ െഎ ഗ്രൂപ്പിനുള്ളില്‍ തന്നെ  ഭിന്നത രൂക്ഷമായി. സംഘടന ശക്തിപ്പെടുത്തുന്നതിനേക്കാള്‍ എങ്ങനെയും ഇരട്ടപ്പദവി കൈവശപ്പെടുത്താനുളള നീക്കങ്ങളാണ് കോണ്‍ഗ്രസിലിപ്പോള്‍. 

ഒരാള്‍ക്ക് ഒരു പദവിയെന്ന വാദം എ ഗ്രൂപ്പ് അംഗീകരിച്ചെങ്കിലും െഎ ഗ്രൂപ്പിനുള്ളില്‍ തര്‍ക്കം തുടരുകയാണ്. അടൂര്‍ പ്രകാശ് എം.പി എം.എല്‍.എമാരായ എ.പി അനില്‍കുമാര്‍,വി.എസ് ശിവകുമാര്‍ എന്നിവരെ ഭാരവാഹികളാക്കാനുള്ള തീരുമാനത്തോട് കെ.സി വേണുഗോപാലിനും കെ.മുരളീധരനും താല്‍പര്യമില്ല. ജനപ്രതിനിധികളാകാനും പാര്‍ട്ടി ഭാരവാഹികളാകാനും ഒരാള്‍ തന്നെയെങ്കില്‍ മറ്റ് നേതാക്കള്‍ എന്തിെനന്നാണ് കെ.മുരളീധരന്റ ചോദ്യം. 

അനശ്ചിതത്വം തുടരുമ്പോഴും പാര്‍ട്ടി ഭാരവാഹിത്വം വേണമെന്ന കടുംപിടുത്തത്തിലാണ് മുന്‍ മന്ത്രിയും എം.എല്‍.എയുമായ വി.എസ് ശിവകുമാര്‍. ജനപ്രതിനിധികള്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുന്നതോടെ  2012ല്‍ ഭാരവാഹികളായ െഎ ഗ്രൂപ്പ് നേതാക്കള്‍ക്ക് പോലും സ്ഥാനം നഷ്ടപ്പെടും. തര്‍ക്കം രൂക്ഷമായതോടെ വെള്ളിയാഴ്ച കൊച്ചിയിലും ശനിയാഴ്ച കോഴിക്കോടും ചേരാനിരുന്ന െഎ ഗ്രൂപ്പ് യോഗങ്ങളും നടന്നില്ല. വര്‍ക്കിങ് പ്രസിഡ‍ന്റ് സ്ഥാനം നിലനിര്‍ത്തുന്നത് സംബന്ധിച്ച തര്‍ക്കമാണ് മറ്റൊരു കടമ്പ. 

വര്‍ക്കിങ് പ്രസിഡന്റിന് പകരം വൈസ് പ്രസിഡ‍ന്റുമാര്‍ മതിയെന്നാണ് നേതൃത്വത്തിന്റ താല്‍പര്യം. എന്നാല്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറാന്‍  കൊടിക്കുന്നില്‍ സുരേഷോ കെ സുധാകരനോ തയാറല്ല. വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിച്ചത് ൈഹക്കമാന്റാണെന്നും മാറ്റാന്‍ സംസ്ഥാന നേതൃത്വത്തിന് അധികാരമില്ലെന്നുമാണ് ഇരുവരുടേയും വാദം. പുനസംഘടന അനശ്ചിതമായി നീളുന്നതില്‍ കെ.പി.സി.സി പ്രസി‍ഡ‍ന്റിന്  അതൃപ്തിയുണ്ട്. കേരളത്തിലെത്തിയ എ.കെ ആന്റണിക്ക് മുന്നില്‍ പ്രശ്നങ്ങള്‍ അവതരിപ്പിച്ച് പരിഹാരംകാണാനുള്ള ശ്രമത്തിലാണ് നേതൃത്വം. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...