സിറോ മലബാര്‍ സഭാ സിനഡിനു തുടക്കം; വിവാദ വിഷയങ്ങൾ ചർച്ച ചെയ്യും

alanchery-synod
SHARE

സിറോ മലബാര്‍ സഭാ സിനഡിനു കൊച്ചിയില്‍ തുടക്കം. സഭാ ആസ്ഥാനമായ കാക്കനാട് സെന്‍റ് തോമസ് മൗണ്ടില്‍ നടക്കുന്ന സിനഡ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. എറണാകുളം– അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് സിനഡിന്‍റെ പ്രധാന ദൗത്യം. 

സിറോമലബാര്‍ സഭയുടെ എറണാകുളം– അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പന വിവാദം, പുതിയ മെത്രാന്‍മാരുടെ പ്രഖ്യാപനം, എറണാകുളം– അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല തുടങ്ങി നിര്‍ണായകമായ വിഷയങ്ങളാണ് സിനഡിന് മുന്നില്‍ ചര്‍ച്ചയ്ക്കെത്തുന്നത്. ഭൂമി ഇടപാട് സംബന്ധിച്ച് സഭ നടത്തിയ അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ സിനഡ് പരിശോധിക്കും. ഇതിനു പുറമേ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖയുണ്ടാക്കിയ കേസില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളും ചര്‍ച്ച ചെയ്യും. 

എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ സമരം ഒത്തുതീര്‍ക്കുന്നതിന്‍റെ ഭാഗമായി നല്‍കിയ ഉറപ്പുകളുടെ കാര്യത്തിലും സിനഡില്‍ ചര്‍ച്ചയുണ്ടാകും. വിവാദങ്ങളില്‍പ്പെട്ട മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പുറമേ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഭരണച്ചുമതലയുള്ള പുതിയ മെത്രാനെ നിയമിക്കുന്നതും ചര്‍ച്ചയാകും. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിനഡ് ഉദ്ഘാടനം ചെയ്യും. പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സിനഡില്‍ സഭയിലെ അന്‍പത്തിേയഴ് മെത്രാന്‍മാരാണ് പങ്കെടുക്കുന്നത്. 

ചരിത്രത്തിലാദ്യമായി സിനഡ് ദിവസങ്ങളിൽ അൽമായ നേതാക്കളുമായി മെത്രാന്‍മാര്‍ ചർച്ച നടത്തുന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. ഇതിനുവേണ്ടിയുള്ള അറിയിപ്പ് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർക്ക് സഭ നല്‍കിയിരുന്നു. സിറോ മലബാർ സഭയിലെ വിവിധ സന്യാസ സമൂഹങ്ങളുടെ മേലധികാരികളും മെത്രാന്‍മാരുമായി ചർച്ച നടത്തും. സഭയുടെ വിവിധ കമ്മിഷനുകളുടെ സെക്രട്ടറിമാരും, മേജർ സെമിനാരികളിലെ റെക്ടർമാരും തങ്ങളുടെ പ്രവർത്തന റിപ്പോർട്ട് സിനഡിൽ അവതരിപ്പിക്കും. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...