കബളിപ്പിക്കാന്‍ പ്രതികൾ വെള്ള വസ്ത്രം ധരിച്ചെത്തി; നിർണായകമായത് ആ മൊഴി: നാൾവഴി

kevin-muder14
SHARE

കെവിന്‍ വധക്കേസില്‍ വിധിയെ സ്വാധീനിക്കാവുന്ന നിര്‍ണായക വെളിപ്പെടുത്തലുകളുണ്ടായത് വിചാരണക്കിടെയാണ്. കെവിന്‍റെത് കൊലപാതകമാണെന്ന് മെഡിക്കല്‍ ബോര്‍ഡിലെ ഡോക്ടര്‍മാര്‍ വിചാരണക്കിടെ സ്ഥിരീകരിച്ചു. താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പിതാവും സഹോദരനും ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് നീനുവും വെളിപ്പെടുത്തി. 

കെവിന്‍ കൊലപ്പെടാന്‍ കാരണം പിതാവും സഹോദരനുമാണെന്ന് അവരുടെ സാന്നിധ്യത്തില്‍ തന്നെയാണ് നീനു മൊഴി നല്‍കിയത്. ദുരഭിമാനമാണ് കൊലയ്ക്ക് കാരണമെന്നും വിശദീകരിച്ചു. കുട്ടിക്കാലത്ത് മാതാപിതാക്കളില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന പീഡനങ്ങളും നീനു നിറകണ്ണുകളോടെ കോടതിയില്‍ വെളിപ്പെടുത്തി.

കെവിനെ മുക്കിക്കൊന്നതാണെന്ന പൊലീസ് സര്‍ജന്‍മാരുടെ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. കെവിന്‍റെ മൃതദേഹം കണ്ടെത്തിയ ചാലിയക്കര തോട്ടില്‍ അരപ്പൊക്കം വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്. ആഴം കുറഞ്ഞ വെള്ളത്തില്‍ അപകട മരണം സാധ്യമല്ല. കെവിന്‍റെ ശ്വാസകോശത്തിലെ രണ്ട് അറകളിലെ കണ്ടെത്തിയ വെള്ളത്തിന്‍റെ അളവ് ബലമായി മുക്കുമ്പോള്‍ ഉണ്ടാകുന്നതാണെന്നും ഡോക്ടര്‍മാര്‍ മൊഴി നല്‍കി. പ്രതികളില്‍ നിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ കെവിന്‍ അബദ്ധവശാല്‍ വെള്ളത്തില്‍ വീണ് മരിച്ചുവെന്നായിരുന്നു പ്രതിഭാഗം വാദം. ആദ്യ ദിനം മുതല്‍ സംഭവഭഹുലമായിരുന്നു കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ വിചാരണ. നിര്‍ണായക വെളിപ്പെടുത്തലുകള്‍ക്കൊപ്പം നാടകീയ സംഭവങ്ങള്‍ക്കും കോടതി സാക്ഷിയായി. 

വിചാരണയുടെ ആദ്യ ദിനം കേസിലെ മുഖ്യ സാക്ഷി അനീഷിനെ കബളിപ്പിക്കാന്‍ വെള്ള വസ്ത്രം ധരിച്ചാണ് 14 പ്രതികളും എത്തിയത്. മൂന്നാം ദിനം സാക്ഷിക്കെതിരെ പ്രതിയുടെ വധഭീഷണി. സാക്ഷിയുടെ പരാതിയില്‍ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദേശം. തൊട്ടടുത്ത ദിവസം തെന്‍മലയില്‍ സാക്ഷികളിലൊരാളെ ജാമ്യത്തിലിറങ്ങിയ രണ്ട് പ്രതികള്‍ കയ്യേറ്റം ചെയ്തു. അനുകൂല മൊഴി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം. ഇതോടെ ഇവരുടെ ജാമ്യം കോടതി റദ്ദാക്കി. വിചാരണക്കിടെ ആറ് സാക്ഷികളും കൂറുമാറി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...