വയനാടിന് പ്രത്യേക പാക്കേജ്; രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു

rahul-gandhi-13
SHARE

വയനാടിന്  ദുരിതാശ്വാസസഹായം അഭ്യര്‍ഥിച്ച് രാഹുല്‍ ഗാന്ധി  പ്രധാനമന്ത്രിക്ക് കത്തയച്ചു. വയനാടിന് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യം. പ്രളയബാധിതരുടെ പുനരധിവാസം വേഗം നടപ്പാക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി. വയനാട് ലോക്സഭ മണ്ഡലത്തിലെ ദുരന്തമേഖലകള്‍ രാഹുല്‍ സന്ദര്‍ശിച്ചശേഷമാണ് എം.പി ആവശ്യം മുന്നോട്ടുവച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഇടപെടല്‍ ആവശ്യപ്പെട്ടെന്നും രാഹുല്‍ പറഞ്ഞു. 

കോഴിക്കോട് കൈതപ്പൊയിലിലെ ദുരിതാശ്വാസ ക്യാംപിലാണ്‌ രാഹുൽ ആദ്യമെത്തിയത്. ദുരിതബാധിതരുമായി സംസാരിച്ച രാഹുൽ പുനരധിവാസമുൾപ്പെടെ വേഗത്തിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി അറിയിച്ചു. പിന്നീട്  പുത്തുമലയിലേക്ക്. ദുരന്തം നേരിൽകണ്ട് വിലയിരുത്തിയ ശേഷം പുത്തുമലദുരന്തത്തിന്റെ  ഇരകളെ പാർപ്പിച്ചിരിക്കുന്ന മേപ്പാടി ഗവണ്മെന്റ് സ്‌കൂളിലെ ക്യാംപിലേയ്ക്ക്. എം പിയെകാണാൻ തിരക്കുകൂട്ടിയ ദുരിതബാധിതകർക്കിടയിലേയ്ക്ക് രാഹുൽ ഇറങ്ങിച്ചെന്നു. 

വീടും സ്വത്തും നഷ്ടപ്പെട്ടവരുടെ  ഭാവി തകരില്ലെന്നും അടിയന്തര സഹായം നല്കാൻ കേന്ദ്ര സർക്കാരിന്റെയും,  സംസ്ഥാനസർക്കാരിന്റെയും മേൽ എല്ലാ സമ്മദവും ചെലുത്തുമെന്നും രാഹുൽ വ്യക്തമാക്കി. 

കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിനു ശേഷം,  പനമരം, മുണ്ടേരി  എന്നിവിടങ്ങളിലെ ദുരിതാശ്വാസ  ക്യാമ്പുകളിലേക്ക്. വിഷയം രാഷ്ട്രീയ വൽക്കരിക്കാനില്ലെന്നും,  ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും രാഹുൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,  എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  തുടങ്ങിയ നേതാക്കളും  രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...