11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

rain-holiday-22
SHARE

സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനാല്‍ പതിനൊന്ന്  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെ എല്ലാ ജില്ലകളിലും നാളെ അവധിയായിരിക്കും. നാളത്തെ പി.എസ്.സി.പരീക്ഷകളെല്ലാം മാറ്റി. എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സംസ്ഥാനത്ത് ആശങ്ക വിതച്ച് കനത്ത കാറ്റും മഴയും . കാലവര്‍ഷക്കെടുതിയില്‍ ഇന്ന് ആറു പേര്‍ മരിച്ചു. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഉടന്‍ എത്തും. നൂറിലധികം ദുരിതാശ്വാസ കേന്ദ്രങ്ങളിലായി ആയിരത്തിലധികംപേരെ മാറ്റിപ്പാര്‍പ്പിച്ചു. റോഡുകളില്‍ മണ്ണിടിഞ്ഞുവീണതോടെ പലയിടത്തും ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ട ജില്ലയിലും കനത്ത മഴ തുടരുകയാണ്.

കനത്ത നാശം വിതച്ച് സംസ്ഥാനത്ത് മഴ തുടരുയാണ്. കണ്ണൂര്‍ മട്ടന്നൂര്‍ കുഴിക്കലില്‍ തോട്ടില്‍വീണ് കെ.പത്മനാഭന്‍,  അട്ടപ്പാടിയില്‍ വീടിനുമുകളില്‍ മരംവീണ് ഷോളയൂര്‍ ഊരിലെ കാര, വെള്ളംകയറിയ വീട് ഒഴിയുന്നതിനിടെ തളര്‍ന്നുവീണ് പനമരത്ത് മുത്തു,  എന്നിവര്‍ മരിച്ചു. ഇടുക്കി ചിന്നക്കനാലില്‍ ലയത്തിനുമുകളില്‍ മണ്ണിടിഞ്ഞ്  രാജശേഖരന്‍ നിത്യ ദമ്പതികളുടെ ഒരുവയസായ മകള്‍ മരിച്ചു. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. മൂന്നാറും മാങ്കുളവും മറയൂരും കോഴിക്കോട് തെങ്ങിലക്കടവും ഒറ്റപ്പെട്ടു. 

മുക്കം, മാവൂര്‍ , നിലമ്പൂര്‍, ഇരിട്ടി, മൂന്നാര്‍ ടൗണുകള്‍ വെള്ളത്തില്‍ മുങ്ങി.ഭൂതത്താന്‍കെട്ട്, മലങ്കര, കല്ലാര്‍കുട്ടി, പെരിങ്ങല്‍കുത്ത്, മംഗലം ഡാമുകള്‍ തുറന്നു . നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും ദുരന്തപ്രതികരണസേനയും വയനാട്ടിലേക്ക് സൈന്യവും എത്തും. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാപക ഉരുള്‍പൊട്ടലില്‍ വന്‍ നാശമുണ്ടായി., കോതമംഗലം തലവച്ചപാറയില്‍ ഉരുള്‍പൊട്ടി ഒരു ചപ്പാത്ത് ഒലിച്ചുപോയി. ഇടുക്കി എലപ്പാറ, കട്ടപ്പന വി.ടി നഗര്‍ , കീരിത്തോട്, വണ്ടിപ്പെരിയാര്‍ ചെങ്കര, കണ്ണൂര്‍ അടയ്ക്കാത്തോട്, നെല്ലിയോട് , മലപ്പുറം കരുളായി, പാലക്കാട് സൈലന്‍റ് വാലി, മണ്ണാര്‍കാട് തൃശൂര്‍ മലക്കപ്പാറ,  എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. 

കോഴിക്കോട് പശുക്കടവിലും, പൂഴിത്തോടും, താമരശ്ശേരി ചുരത്തിലെ മരുതിലാവ് മലയിലും കണ്ണപ്പൻകുണ്ടിലും ഉരുൾപൊട്ടി. അടിവാരം -തുഷാരഗിരി റോഡിലെ നൂറാംതോട്  പാലം തകര്‍ന്നു. പലയിടത്തും ഗതാഗതതടസമാണ്. കോട്ടയം –കുമളി റോഡില്‍ ബസ് ഗതാഗതം നിര്‍ത്തിവച്ചു.  ഇടുക്കി മാങ്കുളത്തേക്കുള്ള എല്ലാറോഡുകളിലും മണ്ണിടിച്ചില്‍ മൂലം ഗതാഗതതടസമാണ്. അതിരപ്പിള്ളി വാല്‍പ്പാറ പാതയില്‍ യാത്രാനിരോധനം പ്രഖ്യാപിച്ചു. മാനന്തവാടി–കുട്ട–മൈസൂരു പാത തടസപ്പെട്ടു.  മഞ്ചേരി–നിലമ്പൂര്‍–ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗതം മുടങ്ങി

നാടുകാണി ചുരം റോഡിലും  അരീക്കോട്– എടവണ്ണപ്പാറ–കോഴിക്കോട് റോഡിലും ഗതാഗതടസമാണ്. പല ട്രയിനുകളും വൈകിയോടുകയാണ്. പമ്പയാറ്റിലും പെരിയാറ്റിലും ജലനിരപ്പുയര്‍ന്നു. പമ്പത്രിവേണി വെള്ളത്തില്‍ മുങ്ങി. കോഴിക്കോട് വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായതും ചാലിയാറിലും ഇരവഞ്ഞിപ്പുഴയിലും ജലനിരപ്പുയര്‍ന്നതും ആശങ്കയുയര്‍ത്തുന്നു

MORE IN BREAKING NEWS
SHOW MORE
Loading...
Loading...