ശ്രീറാ‌മിനെ റിമാന്‍ഡ് ചെയ്തു; ഡിസ്ചാര്‍ജ് ആയാല്‍ ജയിലിലേക്ക്

V-Sriram-m-news
SHARE

വാഹനാപകടക്കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ റിമാന്‍ഡ് ചെയ്തു. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് ചെയ്തത്. തല്‍ക്കാലം ശ്രീറാം പൊലീസ് കാവലില്‍ ആശുപത്രിയില്‍ തുടരും. ഡിസ്ചാര്‍ജ് ആയാല്‍ സബ്ജയിലിലേക്ക് മാറ്റും. അപകടത്തിനിടയാക്കിയ കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമനെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. 

നരഹത്യയെന്ന ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലായിരുന്ന ശ്രീറാം ബോദപൂര്‍വം വാഹനമോടിച്ചെന്ന് സഹയാത്രിക വഫ ഫിറോസ് രഹസ്യമൊഴിയിലും ആവര്‍ത്തിച്ചതോടെയാണ് അറസ്റ്റിന് കളമൊരുങ്ങിയത്.  വഫ ഫിറോസിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.മോട്ടോര്‍ വാഹനനിയമപ്രകാരം ജാമ്യം കിട്ടാവുന്ന വകുപ്പുകളിലാണ് കേസ്.

ശ്രീറാമിന്റെയും വഫയുടേയും ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍വാഹനവകുപ്പ് സസ്പെന്‍ഡ് ചെയ്യും. ശ്രീറാമിന്റേത്  മദ്യപിച്ച് വാഹനമോടിച്ചതിനും വഫയുടെ ലൈസന്‍സ് അമിതവേഗത്തിനുമാണ് സസ്പെന്‍ഡ് ചെയ്യുക. 

രക്ഷപെടാനും തെളിവ് അട്ടിമറിക്കാനുമുള്ള ശ്രീറാം വെങ്കിട്ടരാമന്റെ ശ്രമങ്ങളെല്ലാം നിഷ്ഫലം. വാഹനാപകട കേസുകളില്‍ ചുമത്താവുന്ന പരമാവധി കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി. അപകടത്തിന് തൊട്ടുപിന്നാലെ പരുക്കിന്റെ പേരില്‍ സ്വകാര്യ ആശുപത്രിയില്‍ അഭയം തേടിയ ശ്രീറാമിനെ അവിടെയെത്തിയാണ് മ്യൂസിയം സി.ഐ ജി. സുനിലിന്റെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്.

ജീവപര്യന്തമോ പത്ത് വര്‍ഷം തടവോ ശിക്ഷ ലഭിക്കാവുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 എന്നകുറ്റമാണ് ചുമത്തിയിരിക്കുന്നത്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയെന്ന കുറ്റവുമുണ്ട്

ശ്രീറാമിന് ഒപ്പമുണ്ടായിരുന്ന വഫാ ഫിറോസ് ശ്രീറാമിന് എതിരായി പൊലീസിനും പിന്നീട് മജിസ്ട്രേറ്റിന്റെ മുന്നിലും മൊഴി നല്‍കിയതോടെയാണ് കുരുക്ക് മുറുകിയത്. മദ്യപിച്ച് വാഹനം ഓടിക്കേണ്ടെന്ന തന്റെ നിര്‍ദേശം അവഗണിച്ചാണ് ശ്രീറാം വാഹനമോടിച്ചതെന്നും അമിതവേഗമാണ് അപകടകാരണമെന്നുമാണ് മൊഴി.

ഉന്നത വിദ്യാഭ്യാസമുള്ള ശ്രീറാം മദ്യപിച്ച് വാഹനമോടിച്ചുണ്ടാക്കിയ അപകടം മനപ്പൂര്‍വമുള്ള കുറ്റം എന്ന വിഭാഗത്തില്‍പ്പെടുമെന്നും അതിനാല്‍ നരഹത്യയെന്ന കുറ്റം നില്‍ക്കുമെന്നുമാണ് പൊലീസിന്റെ വിലയിരുത്തല്‍

MORE IN BREAKING NEWS
SHOW MORE
Loading...
Loading...