എണ്ണക്കപ്പലില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ മോചിപ്പിക്കാന്‍ ശ്രമം തുടരുന്നു

ship
SHARE

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പലില്‍ കുടുങ്ങിയ പതിനെട്ട് ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ എംബസിതല നടപടികള്‍ പുരോഗമിക്കുന്നതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ഇറാനിയന്‍ നയതന്ത്ര പ്രതിനിധികളുമായി, വിദേശകാര്യമന്ത്രാലയം നിരന്തരം സമ്പര്‍ക്കത്തിലാണെന്നും ഇവരെ എത്രയും വേഗം മോചിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എസ്.ജയശങ്കര്‍ വ്യക്തമാക്കി. ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടിഷ് കപ്പലില്‍ മൂന്ന് മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ രണ്ടാഴ്ച മുന്‍പ് ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പലിലും മൂന്ന് മലയാളികളുണ്ട്. ഇരുകപ്പലിലെയും മലയാളികള്‍ സുരക്ഷിതരാണെന്ന് വിവരം ലഭിച്ചതായി വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.  ഇന്ത്യക്കാര്‍ക്ക് പുറമേ റഷ്യ, ലാത്വിയ,ഫിലിപ്പൈന്‍സ് എന്നി രാജ്യങ്ങളിലെ 28 പേരാണ് ബ്രിട്ടിഷ് കപ്പലിലുള്ളത്. 

ബ്രിട്ടിഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്ത വിഷയം ചര്‍ച്ചചെയ്യാന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ്, അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ചു. കപ്പലിനെ വിട്ടയക്കുന്നത് നിയമനടപടികളോട് ജീവനക്കാര്‍ സഹകരിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി. ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ മോചിപ്പിക്കും വരെ ബ്രിട്ടിഷ് കപ്പലും വിടില്ലെന്നാണ് ടെഹ്റാന്‍ നല്‍കുന്ന സൂചന. ജീവനക്കാരെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്ന് കപ്പല്‍ ഉടമകള്‍ ഇറാനോട് ആവശ്യപ്പെട്ടു.

ബ്രിട്ടിഷ് യുദ്ധക്കപ്പല്‍ മൊണ്‍ട്രോസില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ച് മുന്നോട്ട് പോകാന്‍ ശ്രമിച്ചപ്പോളാണ് സ്റ്റെനോ ഇംപെരോ ഇറാന്‍ റവലൂഷണറി ഗാര്‍ഡിന്‍റെ പിടിയിലായതെന്നാണ് ഈ ശബ്ദസന്ദേശങ്ങള്‍ വ്യക്തമാക്കുന്നത്. മീന്‍പിടുത്ത ബോട്ടില്‍ ഇടിച്ചെന്നും കപ്പല്‍   തീരത്ത് അടുപ്പിക്കണമെന്നുമുള്ള ഇറാന്‍ സൈന്യത്തിന്‍റെ നിര്‍ദേശം പാലിക്കേണ്ടതില്ലെന്നായിരുന്നു ബ്രിട്ടിഷ് കപ്പലിന് ലഭിച്ച സന്ദേശം.  രാജ്യാന്തര കപ്പല്‍ ചാലിലൂടെയാണ് സ്റ്റെനോ ഇപെരോ നീങ്ങുന്നതെന്നായിരുന്നു ബ്രിട്ടിഷ് നിലപാട്. 

അപകടമുണ്ടാക്കിയെന്ന ഇറാന്‍റെ വാദം കള്ളമാണെന്ന് ബ്രിട്ടന്‍ പറയുന്നു. മേഖലയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കാനണ് ഇറാന്‍ ശ്രമിക്കു്ന്നതെന്ന്  ടെഹ്റനിലെ ബ്രിട്ടിഷ് സ്ഥാനപതി കുറ്റപ്പെടുത്തി. ഒമാന്‍ സമുദ്രാതിര്‍ത്തിയില്‍ കടന്നുകയറിയാണ് സ്റ്റെനോ ഇംപെരോ കസ്റ്റഡിയിലെടുത്തതെന്നാണ് ബ്രിട്ടിഷ് വാദം.  പ്രധാനമന്ത്രി തെരെസ മെയുടെ അധ്യക്ഷതയില്‍ ചേരുന്ന അടിയന്തര സുരക്ഷാസമിതി ,ഇറാനെ രാജ്യാന്തര കപ്പല്‍ ഗതാഗതത്തില്‍ നിന്ന് വിലക്കുന്നത് ഉള്‍പ്പെടെയുള്ള ഉപരോധ നടപടികള്‍ ചര്‍ച്ച ചെയ്യും. ജീവനക്കാരെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കപ്പല്‍ ഉടമകള്‍  ബന്ദര്‍ അബ്ബാസ് തുറമുഖ അതോറിറ്റിയെ സമീപിച്ചു. അന്വേഷണവുമായി പൂര്‍ണതോതില്‍ സഹകരിക്കുമെന്നും  സ്റ്റെനാ ബള്‍ക്ക് കമ്പനി അറിയിച്ചു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...