കോളജിലെ എസ്എഫ്ഐ ഓഫീസ് ഇടിമുറി, മാരകായുധങ്ങൾ; വെളിപ്പെടുത്തൽ

sfi-torture-room
SHARE

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ യൂണിയന്‍ ഓഫീസ് എസ്എഫ്ഐയുടെ ഇടിമുറിയെന്ന് വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍. മാരകായുധങ്ങളടക്കം സൂക്ഷിക്കുന്നതും ഇവിടെയാണ്. ഇതര സംഘടനകളോട് അനുഭാവമുള്ള വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയാണ് സിപിഎമ്മിന്റെ പരിപാടികള്‍ക്ക് കൊണ്ടുപോകുന്നതെന്നും കുത്തേറ്റ അഖിലിന്റെ സഹപാഠി മനോരമ ന്യൂസിനോട് പറഞ്ഞു. യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐയെ എതിര്‍ക്കുന്ന വിദ്യാര്‍ഥികളുടെ ഭാവിപോലും നശിപ്പിക്കപ്പെടുമെന്നാണ് അഖിലിന്റെ സഹപാഠി പറയുന്നത്. പുറത്തുന്നിന്നുള്ള ഗുണ്ടകളുടെയടക്കം ഇടപെടല്‍ ഇത്തരം അക്രമ സംഭവങ്ങള്‍ക്ക് പിന്നിലുണ്ട്.

ക്ലാസ്സ് വരെ ഉപേക്ഷിച്ച് വിദ്യാര്‍ഥികളെ സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടികള്‍ക്കള്‍ക്കടക്കം കൊണ്ടുപോകുന്നതും പതിവാണെന്നും ഇതിന് അധ്യാപകരും കുടപിടിക്കുകയാണെന്നും വിദ്യാര്‍ഥി പറയുന്നു. 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയത് എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത്താണെന്ന് ദൃക്സാക്ഷികളായ വിദ്യാര്‍ഥികളുടെ മൊഴി. യൂണിറ്റ് സെക്രട്ടറി നസീമിന്റെ പക്കലുണ്ടായിരുന്ന കത്തിയാണ് കുത്താന്‍ ഉപയോഗിച്ചതെന്നും വിദ്യാര്‍ഥികള്‍ മൊഴിനല്‍കി.  പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ ഒളിവിലെന്നാണ് പൊലീസ് പറയുന്നത്.  അതേസമയം മുഖ്യപ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ രണ്ടുപേരും പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയിലുള്‍പ്പെട്ടവരെന്നും കണ്ടെത്തി.

നഗരമധ്യത്തിലെ കോളജില്‍ നൂറിലേറെ വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെ സഹപാഠിയുടെ നെഞ്ചത്ത് കത്തികുത്തിയിറക്കിയ പ്രതികളെ ഒരു ദിവസം പിന്നിടുമ്പോഴും പിടികൂടിയിട്ടില്ല. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി എ.എന്‍. നസീമും പ്രസിഡന്റ് ശിവരജ്ഞിത്തും അടക്കം ആറ് പേര്‍ക്കെതിരെയാണ് വധശ്രമക്കുറ്റം ചുമത്തിക്കേസെടുത്തിരിക്കുന്നത്. സംഭവത്തിന് ശേഷം ഒരു മണിക്കൂറിലേറെ കോളജില്‍ തന്നെ ചെലവഴിച്ച പ്രതികള്‍ പിന്നീട് ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. 

അതേസമയം ആറ് പേര്‍ എന്നതിനപ്പുറം എസ്.എഫ്.ഐ നേതാക്കളായ ഇരുപതിലേറെപ്പേരെങ്കിലും അക്രമത്തില്‍ പങ്കാളികളെന്നാണ് ദൃക്സാക്ഷികളായ വിദ്യാര്‍ഥികള്‍ പറയുന്നത്. കോളജിന് പുറത്തുള്ള ഹൈദര്‍, നന്ദകിഷോര്‍ എന്നീ എസ്.എഫ്.ഐ പ്രവര്‍ത്തകരും അക്രമത്തിന് നേതൃത്വം നല്‍കിയതായും പരാതിയുണ്ട്.

അഖിലിനെ കുത്താനുള്ള കത്തിയുമായെത്തിയത് നസീം ശിവര‍ഞ്ജിത്തുമാണ്. ഇതില്‍ ശിവരഞ്ജിത്താണ് കുത്തിയതെന്നുമാണ് മൊഴി ലഭിച്ചിരിക്കുന്നത്. ഇവര്‍ രണ്ടുപേരും പി.എസ്.സി റാങ്ക് പട്ടികയിലുള്‍പ്പെട്ട് പൊലീസാകാന്‍ കാത്തിരിക്കുന്നവരാണ്. നേരത്തെ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതിയായ നസീമിന്റെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാതെ റാങ്ക് പട്ടികയില്‍ 28 ാം റാങ്കുകാരനായി ഉള്‍പ്പെടുത്തിയത് സി.പി.എം സ്വാധീനം മൂലമാണെന്നും ഈ കേസിലും രക്ഷിക്കാന്‍ ശ്രമമെന്നും ആക്ഷേപമുണ്ട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...