മാവേലിക്കര ജയിലിൽ തടവുകാരന്റെ മരണം; പുനരന്വേഷണത്തിന് ഉത്തരവ്

jacob-custody-death
SHARE

മാവേലിക്കര സബ് ജയിലിൽ തടവുകാരൻ മരിച്ച സംഭവത്തിൽ ജയിൽ ഡിജിപി ഋഷിരാജ് സിങ് പുനരന്വേഷണത്തിന് ഉത്തരവിട്ടു.‌ ജയിൽ ജീവനക്കാർക്കു വീഴ്ചയില്ലെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് തള്ളിയാണു വിശദമായ അന്വേഷണത്തിനു നിർദേശം നൽകിയത്. മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടിന് പുറമെ മനോരമ ന്യൂസിന്റെ ഇടപെടലുമാണ് പുനരന്വേഷണത്തിന് പ്രേരണയായത്

തിരുവല്ല സബ് ജയിലിൽ കുമരകം സ്വദേശി എം.ജെ.ജേക്കബിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന് സ്ഥിരീകരിക്കാവുന്ന വിവരങ്ങളാണ് മജിസ്റ്റീരിയൽ അന്വേഷണത്തിൽ കണ്ടെത്തിയത്. റിപ്പോർട്ട് പൂഴ്ത്തി അന്വേഷണം അട്ടിമറിച്ച അധികൃതർ പുനരന്വേഷണത്തിന് തയ്യാറായത് മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ്. ദക്ഷിണ മേഖല ജയിൽ ഡിഐജി എസ്. സന്തോഷിനാണ് അന്വേഷണ ചുമതല. തടവുകാരൻ ജയിലിൽ മരിച്ചാൽ വകുപ്പു തല അന്വേഷണം നടത്തുന്ന പതിവുണ്ട്. ജേക്കബിന്റെ മരണത്തിൽ ജയിൽ ജീവനക്കാർക്ക് വീഴ്ചയോ സുരക്ഷാ പാളിച്ചയോ ഇല്ലെന്നായിരുന്നു പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. 

ഡിഐജി എസ്. സന്തോഷ് തന്നെയാണ് അന്നും അന്വേഷണം നടത്തിയത്. ജേക്കബ് സ്വയം തൂവാല വായിൽ തിരുകി ആത്മഹത്യ ചെയ്തുവെന്നാണ് ഡി ഐ ജി കണ്ടെത്തിയത്. സംഭവം അറിഞ്ഞില്ലെന്ന സെല്ലിലുണ്ടായിരുന്ന 13 തടവുകാരുടെയും ജയിൽ ജീവനക്കാരുടെയും അതേപടി വിശ്വസിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 

സിസിടിവി ക്യാമറ 20 മിനിറ്റ് മാത്രമാണു പ്രവർത്തിക്കാതിരുന്നതെന്നു പ്രാഥമിക റിപ്പോർട്ടിലുണ്ട്. എന്നാൽ 21നു പുലർച്ചെ 2.22 മുതൽ ക്യാമറ പ്രവർത്തനം ദിവസങ്ങളോളം നിലച്ച കാര്യം റിപ്പോർട്ടിൽ ഇല്ല. സിഐ മോഹൻ ലാൽ രണ്ടു വട്ടം മനുവെന്ന തടവുകാരനെ ജയിലിൽ സന്ദർശിച്ചു കാര്യവും റിപ്പോർട്ട് സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ സന്ദർശനത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്താതിലെ വീഴ്ച ഡിഐജി പരിഗണിച്ചില്ല. അന്വേഷണം അട്ടിമറിക്കാൻ ജയിൽ വകുപ്പിലെ ഉന്നതരും കൂട്ടുനിന്നതിന് തെളിവാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. 

ജേക്കബ് ഉൾപ്പെട്ട ഇൻഷുറൻസ് തട്ടിപ്പ് കേസിലെ രണ്ടാം പ്രതി അജിത് തോംസണിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതും സംശയം വർധിപ്പിക്കുന്നു.തട്ടിപ്പു കേസിൽ 2018 ജനുവരി നാലിനു കേസെടുത്തെങ്കിലും ഇതുവരെ അജിത്തിനെ അറസ്റ്റു ചെയ്തിട്ടില്ല. അജിത്തിനെ കാണാനില്ലെന്നാണ് പൊലീസിന്റെ മറുപടി. ജേക്കബിന്റെ മരണത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തിനു ബലം നൽകുന്നതാണു തിരുവല്ല പൊലീസിന്റെ ഒളിച്ചുകളി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...