മരച്ചുവട്ടില്‍ പാട്ടുപാടി; നെഞ്ചത്ത് കത്തി കുത്തിയിറക്കി; വധശ്രമത്തിന് കേസെടുത്തു

attack-protest
SHARE

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ നേതാക്കളും അനുഭാവികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ വിദ്യാര്‍ഥിക്ക് നെഞ്ചില്‍ കുത്തേറ്റു.  ഡിഗ്രി വിദ്യാര്‍ഥിയെ കുത്തിയ യൂണിറ്റ് പ്രസിഡന്റിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. യൂണിറ്റ് പ്രസിഡന്റ് നസീം ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് കേസ്. പൊലീസുകാരെ മര്‍ദിച്ച കേസില്‍ പ്രതിയാണ് നസീം. 

യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ പുറമെ നിന്ന് ഗുണ്ടകളെ വിളിപ്പിച്ചായിരുന്നു ആക്രമണമെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. നേതാക്കളുടെ അതിക്രമത്തിനെതിരെ പൊട്ടിത്തെറിച്ച് പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. 

ക്യാംപസിലെ മരച്ചുവട്ടില്‍ ഇരുന്ന് മൂന്നാം വര്‍ഷ ബി.എ വിദ്യാര്‍ഥികളില്‍ ചിലര്‍ പാട്ടുപാടി. ഇത് എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. സഹപാഠിയുടെ നെഞ്ചത്ത് കത്തി കുത്തിയിറക്കിയ പ്രതികാരത്തിന്റെ കാരണം ഇതാണ്. 

മൂന്നാം വര്‍ഷ ബി.എ പൊളിറ്റിക്സ് വിദ്യാര്‍ഥി അഖില്‍ ചന്ദ്രനാണ് കുത്തേറ്റ് മെഡിക്കല്‍ കോളജില്‍ കഴിയുന്നത്. പാട്ടുപാടിയതിന്റെ പേരില്‍ അറബിക് വിദ്യാര്‍ഥി ഉമയറിനെ ആക്രമിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു കത്തിക്കുത്തിലെത്തിയത്.

കുത്തേറ്റ അഖിലും മര്‍ദനമേറ്റ വിദ്യാര്‍ഥികളുമെല്ലാം എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്. ഇതോടെ നേതാക്കളുടെ അതിക്രമത്തില്‍ മനംമടുത്ത വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിലേക്കും കോളജിലേക്കും മാര്‍ച്ച് നടത്തി. ഒരുമണിക്കൂറിലേറെ നീണ്ട പരസ്യപ്രതിഷേധത്തിനൊടുവില്‍ എസ്.എഫ്.ഐ ജില്ലാ നേതാക്കളെത്തി അനുനയിപ്പിച്ച് വിദ്യാര്‍ഥികളെ ക്യാംപിസില്‍ കയറ്റിയെങ്കിലും യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാതെ വഴങ്ങില്ലെന്ന് വിദ്യാര്‍ഥികള്‍ നിലാപെടെടുത്തി. യൂണിയന്‍ കമ്മിറ്റി ഓഫീസ് പിടിച്ചെടുക്കാനും ശ്രമിച്ചതോടെ ക്യാംപസിനുള്ളില്‍ വീണ്ടും നേതാക്കളും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷമായി.

ഒടുവില്‍ പ്രശ്നം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായിമാധ്യമങ്ങളെ ക്യാംപസില്‍ നിന്നൊഴിവാക്കാനായി എസ്.എഫ്.ഐയുടെ ശ്രമം. അതുവരെ വിഷയത്തിലിടപെടാതിരുന്ന പ്രിന്‍സിപ്പല്‍ ഇതിനായി നേരിട്ടെത്തി. എന്നാല്‍ സ്വന്തം വിദ്യാര്‍ഥിക്ക് കുത്തേറ്റ സാഹചര്യം അപ്പോഴും അദേഹം അറിഞ്ഞിരുന്നില്ല.

എന്നാല്‍ പ്രതികളായ എസ്.എഫ്.ഐ നേതാക്കളുടെ പേര് സഹിതം മുന്നൂറ് വിദ്യാര്‍ഥികള്‍ ഒപ്പിട്ട പരാതി നല്‍കിയതോടെ പ്രിന്‍സിപ്പലും എസ്.എഫ്.ഐയും വീണ്ടും പ്രതിരോധത്തിലായി. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...