മാവേലിക്കര ജയിലിലേത് ആത്മഹത്യയല്ല; അരുംകൊല; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

mavelikara
SHARE

മാവേലിക്കര സബ് ജയിലിൽ തടവുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരിച്ച എം.ജെ. ജേക്കബിന്റെ ശരീരത്തിൽ മൂന്നിടത്ത് ഗുരുതരമായ പരുക്കുകൾ പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. എം.ജെ. ജേക്കബ് മരിക്കുന്നതിനു മണിക്കൂറുകൾ മുമ്പാണ് ഈ പരുക്കുകൾ സംഭവിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അന്വേഷണം അട്ടിമറിക്കാൻ പൊലീസ് പൂഴ്ത്തിയ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ന്യൂസ് പുറത്തുവിടുന്നു. 

മാർച്ച് 20ന് ജയിലിൽ കുമരകം സ്വദേശി എം.ജെ.ജേക്കബ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലിസിന്റെയും ജയിൽ അധികൃതരുടെയും വിശദീകരണം. എന്നാൽ ഈ നിലപാടുകളെ പൂർണമായും തള്ളുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് മനോരമ ന്യൂസ് പുറത്തു വിടുന്നത്. തൂവാല സ്വയം വായിൽ തിരുകി ജേക്കബ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. ഇത് അസംഭവ്യമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് സർജൻമാരുടെ സംഘം തറപ്പിച്ച് പറയുന്ന. കൊലപാതകമെന്ന് സ്ഥിരീകരിക്കാവുന്ന നിരവധി മുറിവുകൾ ശരീരത്തിലുണ്ട്. ജേക്കബിന്റെ നെറ്റിയിലെ മുറിവിനു മൂന്നര സെന്റമീറ്റർ നീളവും അര സെന്റമീറ്റർ വീതിയുമുണ്ട്. കഴുത്തിന്റെ ഇടതു ഭാഗത്തു ചെവിക്കു താഴെ നാല് സെന്റിമീറ്റർ നീളത്തിൽ പലയിടത്തായി മുറിവുകളുണ്ട്. തലയുടെ ഇടതു ഭാഗത്തു ചെവിക്കു മുകളിലുള്ള മുറിവിനു ഒന്നര സെന്റിമീറ്റർ നീളമുണ്ട്.പരുക്കൻ പ്രതലത്തിൽ നിന്നോ കട്ടിയുള്ള വസ്തുക്കൾ വഴിയുള്ള പ്രഹരത്തിൽ നിന്നോ ഉണ്ടായതാകാം പരുക്കുകളെന്നാണു നിഗമനം. 

തൊണ്ടയിൽ തിരുകിയ തൂവാല ഉമിനീരിലും സ്രവങ്ങളിലും മുങ്ങിയ നിലയിലായിരുന്നു. എം.ജെ. ജേക്കബിനെ ശ്വാസം മുട്ടിച്ചു കൊന്നതാണെന്ന കണ്ടെത്തലിനെ സാധൂകരിക്കുന്നതാണു ശരീരത്തിലെ മുറിവുകൾ. ശ്വാസം മുട്ടി മരിക്കുന്നതിന്റെ ലക്ഷണങ്ങൾ ശരീരത്തിലുണ്ട്. ശ്വാസം നിലച്ചതു മൂലം തലച്ചോറിൽ നീർക്കെട്ടുണ്ട്, കൺതടങ്ങളിൽ രക്തസ്രാവമുണ്ട്. മരണത്തിനു കാരണമായ അസുഖങ്ങളുടെ സൂചനയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലില്ല. 

ശരീരത്തിലെ മുറിവുകൾ പിടിവലി നടന്നതിന്റേതാണെന്ന വ്യക്തമായ സൂചനയും ഡോക്ടർമാർ നൽകുന്നു. ബലപ്രയോഗത്തിനിടെ ജേക്കബിന്റെ മേൽത്താടിയിലെ വെപ്പു പല്ലുകൾ അടർന്നു വീണു. വായ്ക്കകത്തോ മോണയിലോ ചുണ്ടിലോ മുറിവുകൾ ഇല്ല. എന്നാൽ ഏതു വിധേനയാണു കൊല നടത്തിയതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നിഗമനത്തിൽ എത്താൻ കഴിയില്ലെന്നും റിപ്പോർട്ടിലുണ്ട്. 

മാർച്ച് 21നു രാവിലെ മരിച്ച ജേക്കബിന്റെ പോസ്റ്റ്മോർട്ടം ആലപ്പുഴ മെഡിക്കൽ കോളജിൽ പിറ്റേ ദിവസം ഉച്ചയ്ക്കാണ് നടത്തിയത്. പോസ്റ്റ്മോർട്ടത്തിൽ കൊലപാതകത്തിന്റെ വ്യക്തമായ സൂചനകൾ ഉണ്ടായിട്ടും അന്വേഷണം അട്ടിമറിക്കാനായിരുന്നു പൊലിസ് ഉദ്യോഗസ്ഥരുടെ ശ്രമം. പൊലീസ് അധികൃതരും ക്രിമിനലുകളും ചേർന്ന് നടത്തിയ അരും കൊലയുടെ ചുരുളുകളാണ് അഴിയാനുള്ളത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...