‘പകരം ചെയ്യുമെന്ന് പലവട്ടം പരസ്യവെല്ലുവിളി’; നെട്ടൂരിലെ അരുംകൊലയുടെ പിന്നില്‍

NETTOR-MURDER-MAIN-MNEWS
SHARE

കൊച്ചി നെട്ടൂരില്‍ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയ കുമ്പളം സ്വദേശി അര്‍ജുന്റെ മൃതദേഹം കണ്ടെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട കസ്റ്റഡിയിലെടുത്ത അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെുത്തി. ഈ മാസം രണ്ടിനാണ് 20 കാരനായ യുവാവിനെ കാണാതായത്. അന്വേഷണത്തില്‍ പനങ്ങാട് പൊലീസ് വീഴ്ച വരുത്തിയെന്ന് അര്‍ജുന്‍റെ പിതാവ് വിദ്യന്‍ ആരോപിച്ചു. 

ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കല്ലുകെട്ടി ചതുപ്പില്‍ താഴ്ത്തിയ നിലയിലുള്ള മൃതദേഹം െനട്ടൂര്‍ റയില്‍വേ ട്രാക്കിന് സമീപം ചതുപ്പില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് അഴുകിയ നിലയിലുള്ള മൃതദേഹം ചതുപ്പില്‍ നിന്ന് പൊലീസ് പുറത്തെടുത്തത്. 

മൂന്നിന് രാവിലെ അര്‍ജുന്റെ പിതാവ് നേരിട്ടെത്തിയാണ് മകനെ കാണാതായ വിവരം പനങ്ങാട് പൊലീസിനെ അറിയിക്കുന്നത്. വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയവരെ കുറിച്ചുള്ള ദുരൂഹതയെന്ന് സംശയിക്കാനുള്ള കാരണങ്ങളെ കുറിച്ചുമെല്ലാം വിശദമായി പൊലീസിനെ അറിയിച്ചു.

എന്നിട്ടും അന്വേഷണത്തില്‍ വീഴ്ച വരുത്തി. സ്വന്തം നിലയ്ക്ക് അന്വേഷിക്കാന്‍ പൊലീസ് പറഞ്ഞതായും അര്‍ജുന്റെ അച്ഛന്‍ വിദ്യന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തത്.  

രണ്ടാം പ്രതി നിബിന്റെ സഹോദരനും അര്‍ജുന്റെ സുഹൃത്തുമായ എബിന്‍ ഒരു വര്‍ഷം മുന്‍പാണ് വാഹനാപകടത്തില്‍ മരിച്ചത്. ഈ അപകടത്തില്‍ അര്‍ജുനും ഗുരുതരമായി പരുക്കേറ്റിരുന്നു.

എന്നാല്‍ അര്‍ജുന്‍ തന്റെ സഹോദരനെ കൊലപ്പെടുത്തിയെന്നും ഇതിന് താന്‍ പകരം ചെയ്യുമെന്നും പല പ്രാവശ്യം നിബിന്‍ പരസ്യമായി വെല്ലുവിളിച്ചിരുന്നുവെന്ന് ഇവരുടെ സുഹൃത്തുക്കളും പൊലീസിന് മൊഴി നല്‍കിയിരുന്നു. 

ഇതാണ് കൊലപാതകത്തിനുള്ള പ്രേരണയെന്നാണ്  അന്വേഷണസംഘം ഇപ്പോള്‍ വ്യക്തമാക്കുന്നത്. പ്രതികളെല്ലാം ലഹരിക്കച്ചവടസംഘത്തിലെ അംഗങ്ങളാണെന്നാണ് സൂചന. ഇതേകുറിച്ചും അന്വേഷണം പുരോഗമിക്കുന്നു.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...