പ്രതിയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്; കൊലയാകാമെന്ന് മജിസ്ട്രേറ്റ്; വീണ്ടും കുരുക്ക്

mavelikara
SHARE

നെടുങ്കണ്ടം കസ്റ്റഡിക്കൊലയ്ക്ക് സമാനമായി പൊലീസും ജയിലധികൃതരും പങ്കാളികളായ കേസിന്റെ അന്വേഷണവും പൊലീസ് അട്ടിമറിച്ചു. മാവേലിക്കര ജയിലിലെ പ്രതിയുടെ മരണം കൊലപാതകമാണെന്ന് മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ടുണ്ടായിട്ടും അന്വേഷണമുണ്ടായില്ല. കൊലപാതകത്തിൽ സഹതടവുകാരുടെയും ജയിലധികൃതരുടെയും പൊലീസിന്റെയും പങ്ക് വ്യക്തമാക്കുന്ന റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു 

ആശുപത്രി ഇൻഷുറൻസ് തട്ടിപ്പു കേസിൽ തിരുവല്ല പൊലീസ് അറസ്റ്റു ചെയ്ത കുമരകം സ്വദേശി എം.ജെ. ജേക്കബ് മാവേലിക്കര സബ്ജയിലിലാണ് മരിച്ചത്. മാർച്ച് 20നു രാത്രി ജേക്കബിനെ മാവേലിക്കര ജയിലിൽ എത്തിച്ചു. പിറ്റേന്നു രാവിലെ ആറിന് ജയിലിലെ 11–ാം നമ്പർ സെല്ലിൽ ജേക്കബിനെ മരിച്ച നിലയിൽ കണ്ടെത്തി. 

കൈയിലുണ്ടായിരുന്ന തൂവാല തൊണ്ടയിൽ തിരുകി ജേക്കബ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലീസിന്റെയും ജെയിൽ അധികൃതരുടെയും കണ്ടെത്തൽ. തുടർന്നാണു മാവേലിക്കര ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് വിവേജ രവീന്ദ്രൻ അന്വേഷണം നടത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ജേക്കബിന്റെ ശരീരത്തിലെ പരുക്കുകൾ, സഹതടവുകാരുടെ മൊഴികളിലെ പൊരുത്തക്കേടുകൾ, ജയിൽ അധികൃതരുടെ വീഴ്ചകൾ എന്നിവ വിലയിരുത്തിയാണു ജേക്കബിന്റെ മരണം കൊലപാതകമാണെന്ന് മജിസ്ട്രേറ്റ് സ്ഥിരീകരിക്കുന്നത്. 

അധികാരികളും കുറ്റവാളികളും കൃത്യമായ ആസൂത്രണത്തോടെ നടത്തിയ അറുംകൊലയാണ് ജേക്കബിന്റേതെന്ന് വ്യക്തമാക്കുന്നതാണ് തെളിവുകൾ 

ജേക്കബിനെ കൊന്നതാകാമെന്നു പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജൻ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. തൂവാല തൊണ്ടയിൽ സ്വയം തിരുകി ആത്മഹത്യ ചെയ്യാൻ കഴിയില്ല. മരണ വേളയിൽ ജേക്കബ് മരണ വെപ്രാളം കാണിച്ചതിന്റെ ലക്ഷണങ്ങൾ ശരീരത്തിലുണ്ട്. 13 തടവുകാരുള്ള സെല്ലിൽ ജേക്കബ് മരിച്ചത് ആരും അറിഞ്ഞില്ലെന്ന മറ്റു തടവുകാരുടെ വാദം വിശ്വസിക്കാനാകില്ല. സംഭവ ദിവസം ജേക്കബിന്റെ കരച്ചിൽ കേട്ടുവെന്നു സമീപ സെല്ലിലെ തടവുകാരൻ പിന്നീട് കോടതിയിൽ വെളിപ്പെടുത്തി. 

ജയിലിലെ 5 സിസിടിവി ക്യാമറകൾ 20നു രാത്രി മുതൽ സ്വിച്ച് ഓഫ് ചെയ്തു. ക്യാമറകൾ കേടില്ലെന്നും അന്നു പ്രദേശത്തു വൈദ്യുതി മുടങ്ങിയിട്ടില്ലെന്നും കണ്ടെത്തി. മരണത്തിനു മുൻപും പിൻപും മുൻ മാവേലിക്കര സിഐ ജയിലിലെത്തി ക്രിമിനലായ മനുവെന്ന തടവുകാരനെ സന്ദർശിച്ചു. ഇതിന് പിന്നാലെ മനുവിനെ ജേക്കബിന്റെ സെല്ലിലേക്കു മാറ്റി. മനുവിന്റെയും മറ്റൊരു തടവുകാരന്റെയും കൈയിൽ കടിയേറ്റതും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

വ്യക്തമായ തെളിവുകൾക്കൊപ്പം കൊലപാതകത്തിന് കേസെടുത്ത് അന്വേഷിക്കണമെന്ന ശുപാർശയോടെ 2 മാസം മുമ്പു ചീഫ് ജൂഡീഷ്യൽ മജിസ്ട്രേട്ട് നൽകിയ റിപ്പോർട്ട് പക്ഷെ ആഭ്യന്തരവകുപ്പ് പൂഴ്ത്തി. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...