‘ധോണിക്ക് നല്‍കിയ റോള്‍ അതാണ്’; തടയിട്ട് കോലി; നെറ്റിചുളിച്ച് മുതിർന്ന താരങ്ങൾ

dhoni
SHARE

ധോണിയെ ബാറ്റിങ് ഓര്‍ഡറില്‍ വൈകി ഇറക്കിയതിനെതിരെ  സച്ചിന്‍ തെന്‍ഡുല്‍ക്കറും ഗാംഗുലിയുമടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍. വിക്കറ്റ് വീണുകൊണ്ടിരിക്കുമ്പോള്‍ പരിചയസമ്പന്നനായ ധോണിയെ നാലാമനായോ അഞ്ചാമനായോ ഇറക്കാതിരുന്നത് മണ്ടത്തരമായിരുന്നുവെന്ന്  ഇവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മത്സരം തോറ്റുകഴിയുമ്പോള്‍ വിവിധ അഭിപ്രായങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു കോലിയുടെ മറുപടി.

മൂന്നു മുന്‍നിരവിക്കറ്റുകള്‍ തുടരെ വീണു കഴിഞ്ഞപ്പോള്‍ ക്രീസിലേക്കെത്തിയത് ഋഷഭ് പന്തും ദിനേശ് കാര്‍ത്തിക്കും. 20 ബോള്‍ ചെലവഴിച്ച് നിലയുറപ്പിക്കാന്‍ നോക്കിയെങ്കിലും ദിനേശ് കാര്‍ത്തിക്കും വീണു. ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 24 എന്ന ദയനീയ സ്കോറില്‍ നില്‍ക്കുമ്പോള്‍ പോലും  പരിചയസമ്പന്നനായ ധോണിക്ക് പകരം ക്രീസിലെത്തിയത് ഹാര്‍ദിക് പാണ്ഡ്യ. എന്നാല്‍ ധോണി ഇവര്‍ക്ക് മുമ്പേ ഇറങ്ങേണ്ടിയിരുന്നുവെന്നാണ് സച്ചിനടക്കമുള്ളവര്‍ വിലയിരുത്തുന്നത്. ധോണി അഞ്ചാമനായി ഇറങ്ങേണ്ടിയിരുന്നുവെന്നും എപ്പോഴും ധോണി ഫിനിഷ് ചെയ്യുന്നതിനായി കാത്തിരിക്കാനാകില്ലന്നും സച്ചിന്‍ വിമര്‍ശിച്ചു. നേരത്തെ ഇറങ്ങിയെങ്കില്‍സാഹചര്യങ്ങള്‍ നിയന്ത്രിക്കാന്‍ ധോണിക്ക് സാധിച്ചേനെ.

വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കെ ധോണിയെ ഏഴാം നമ്പറില്‍ ഇറക്കാനുള്ള തീരുമാനം മണ്ടത്തരമായിരുന്നുവെന്ന് ഗാംഗുലി വിമര്‍ശിച്ചു. 2011 ലോകകപ്പ് ഫൈനലില്‍ ധോണി സ്വയം നാലാം നമ്പറില്‍ ഇറങ്ങിയത് വി.വി എസ് ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോള്‍ സാഹചര്യം നിയന്ത്രിക്കുക എന്ന റോളാണ് ധോണിക്ക് നല്‍കിയിരുന്നത് എന്ന് മാത്രമാണ് ഈ വിമര്‍ശനങ്ങളോട് വിരാട് കോലി പ്രതികരിച്ചത്. 

ആദ്യമത്സരങ്ങള്‍ക്ക് ശേഷം ധോണിക്ക് നല്‍കിയ റോള്‍ ഇതാണ്. മത്സരങ്ങള്‍ തോറ്റുകഴിയുമ്പോള്‍ വിവിധ അഭിപ്രായങ്ങള്‍ ഉണ്ടാകും. വിരമിക്കുന്നതിനെക്കുറിച്ച് ധോണി സഹതാരങ്ങളോട് ഒന്നും പറഞ്ഞിട്ടില്ലെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി കോലി പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...