
അമേരിക്കയില്‍ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ കൊല്ലപ്പെട്ട കേസില്‍ വളര്ത്തച്ഛന് ജീവപര്യന്തം. മൂന്നുവയസുകാരിയായ ഷെറിന് മാത്യൂസ് കൊല്ലപ്പെട്ട കേസില്‍, എറണാകുളം സ്വദേശിയായ വെസ്ലി മാത്യൂസിനെയാണ് അമേരിക്കന്‍ കോടതി ശിക്ഷിച്ചത്. 2017 ഒക്ടോബറിലായിരുന്നു കൊലപാതകം.
അമേരിക്കയിലെ ഡാലസ് കോടതിയാണ് വെസ്ലി മാത്യൂസിന് ജീവപര്യന്തം വിധിച്ചത്. നരഹത്യക്ക് കാരണമായേക്കാവുന്ന ആക്രമണം കുട്ടിക്കുനേരെ നടന്നുവെന്നായിരുന്നു കേസ്. വെസ്ലിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് വാദിച്ചു.
2017 ഒക്ടോബര്‍ 7നായിരുന്നു കൊലപാതകം. ദമ്പതികളുടെ ഡാലസിലുള്ള വീടിന് സമീപത്തെ കലുങ്കിനടിയില്‍ നിന്നാണ് ഷെറിന് മാത്യൂസിന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. പാലു കുടിക്കാന്‍ മടിച്ച കുട്ടിയെ വീടിന് പുറത്തുനിര്‍ത്തി ശിക്ഷിച്ചപ്പോള്‍ കാണാതാകുകയായിരുന്നു എന്നാണ് ദമ്പതികള്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട്, കുട്ടി പാല് കുടിക്കുന്നതിനിടെ ശ്വാസം മുട്ടി മരിക്കുകയായിരുന്നെന്ന് തിരുത്തി. സംശയം ബലപ്പെട്ടതോടെ പൊലീസ് വിശദ അന്വേഷണം നടത്തിയാണ് കൊലപാതകം തെളിയിച്ചത്.