വിദേശത്തേക്ക് കടക്കാൻ സാധ്യത, ബിനോയ്ക്കെതിരെ ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും

Binoy Kodiyeri
SHARE

പീഡനക്കേസില്‍  ബിനോയ് കോടിയേരിക്കെതിരെ പൊലീസ് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും. വിദേശത്തേക്ക് കടക്കാനുള്ള സാധ്യത പരിഗണിച്ചാണ് നീക്കം. അതിനിടെ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ മുംബൈ കോടതി നാളെ വിധി പറയും. ഹർജിയിലെ വാദത്തിനുശേഷം പുറത്തുവന്ന തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് സൂചന. 

കേസില്‍ ബിനോയിയുടെ മുൻകൂർ ജാമ്യഹർജിയിലെ വിധി നാളെ വരുമെന്നിരിക്കേ പ്രതിയുടെ ആവശ്യം തള്ളിയാൽ ഇയാൾ വിദേശത്തേയ്ക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് മുംബൈ പൊലീസിൻറെ വിലയിരുത്തൽ. അതുകൊണ്ട് ഉടൻതന്നെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കണമെന്ന‌ ആവശ്യം അന്വേഷണസംഘം ഉന്നത ഉദ്യോഗസ്ഥർക്ക് മുൻപിൽ വച്ചതായാണ് സൂചന. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങൾക്കും ബിനോയിയുടെ പാസ്പോർട്ട് രേഖകൾ ഉൾപ്പടെയുള്ള വിവരങ്ങള്‍ കൈമാറിയേക്കും. 

എന്നാൽ നാളെ ബിനോയിയുടെ മുൻകൂർ ജാമ്യ ഹർജിയിൽ അനുകൂല വിധി വന്നാൽ ഈ നീക്കങ്ങള്‍ക്ക് പ്രസക്തിയില്ലാതാകും. കേസ് പരിഗണിക്കുന്ന ദിൻഡോഷി സെഷൻസ് കോടതി ജഡ്ജി എം.എച്ച് ഷെയ്ഖ് അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച്ച പുറത്തുവരേണ്ട വിധി പ്രസ്താവം നാളത്തേയ്ക്ക് മാറ്റിയത്. കേസിൽ പരാതക്കാരിയുടെ മൊഴിയിൽതന്നെ വൈരുദ്ധ്യങ്ങളുണ്ടെന്നും ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുകയെന്ന ലക്ഷ്യത്തോടെയാണ് കേസെന്നുമാണ് ബിനോയിയുടെ അഭിഭാഷകൻ വാദിച്ചത്. 

എന്നാൽ പ്രതിയുടെ ഡിഎൻഎ ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിച്ചാല്‍ കാര്യങ്ങളിൽ വ്യക്തതവരുമെന്നും ഇതിനാൽ പ്രതിക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ നിലപാട് എടുത്തു. പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ച സാഹചര്യത്തിൽ പുതിയതെളിവുകള്‍ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചേക്കും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...